കൊച്ചി: മുനമ്പത്ത് ഫൈബർ വെള്ളം മുങ്ങി കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഴിക്കോട് തീരത്തിന് സമീപത്തുവച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ചൂണ്ടയിൽ ചെറുവള്ളത്തിൽ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. അവർ കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ശരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചു. ശരത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

വിവിധ സർക്കാർ ഏജൻസികളും മത്സ്യത്തൊഴിലാളികളും രാത്രിയും പകലും തിരച്ചിൽ നടത്തിയിട്ടും കാണാതായവരെ കുറിച്ചു ഇന്നലെ രാത്രിവരെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മീൻ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്ന് പോയ 'നന്മ' എന്ന വള്ളമാണ് വ്യാഴം വൈകിട്ട് 5 മണിയോടെ അപകടത്തിൽ പെട്ടത്. 7 തൊഴിലാളികൾ ഉണ്ടായിരുന്ന വള്ളം മുനമ്പം അഴിമുഖത്തിന് 7 കിലോമീറ്റർ അകലെ മുങ്ങുകയായിരുന്നു. വള്ളത്തിൽ പിടിച്ചു കിടന്ന 3 പേരെ രാത്രി 9 മണിയോടെ സമീപത്തു കൂടി കടന്നുപോയ ഫിഷിങ് ബോട്ടിലെ തൊഴിലാളികൾ കണ്ടെത്തി രക്ഷപ്പെടുത്തി.

മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ ഷാജി (53), ചേപ്ലത്ത് മോഹനൻ (53), കൊല്ലം പറമ്പിൽ ശരത് (24), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു56) എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയൻ (54), ആലപ്പുഴ സ്വദേശി ആനന്ദൻ (52)എന്നിവരാണ് രക്ഷപ്പെട്ടത്. കോസ്റ്റ്ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ അപകട ദിവസം രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ നാവികസേന ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കെടുത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇന്നലെ തിരച്ചിലിന് ഇറങ്ങി.