കാസർകോട്: കുർള നേത്രാവതി എക്സ്‌പ്രസിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കർണ്ണാടക, കാർവാർ സ്വദേശിയായ സൈമണി (38)നെയാണ് കണ്ണൂർ ആർ പി എഫ് എസ് ഐ മനോജും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കുർള നേത്രാവതി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിലെ യാത്രക്കാരനായിരുന്നു സൈമൺ. ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ അക്രമാസക്തനായ യുവാവ് പരാക്രമം കാണിക്കുകയും പാൻട്രി കാറിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വാഷ് ബേസിൻ അടിച്ചു തകർക്കുകയും അതിനു ശേഷം ശുചിമുറിയിൽ കയറി അകത്തു നിന്നു കുറ്റിയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ വാതിൽ ബലം പ്രയോഗിച്ച് തുറന്നാണ് സൈമണിനെ അറസ്റ്റു ചെയ്തത്. പ്രകോപനത്തിനും അക്രമത്തിനും ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.