മനാമ: മലയാളി യുവാവിനെ ബഹ്‌റൈനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പള്ളിക്കൽബസാർ സ്വദേശി രാജീവൻ ചെല്ലപ്പൻ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനിൽ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബഹ്‌റൈനിൽ ഒരു റെന്റൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവൻ ജോലി സ്ഥലത്തു നിന്ന് മുറിയിൽ തിരിച്ചെത്തിയത്. ആറ് മണിയോടെ സുഹൃത്തുക്കൾ എത്തിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോർ പൊളിച്ച് അകത്ത് കടന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും പാരാമെഡിക്കൽ ജീവനക്കാർ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്ക് മാറ്റി.

15 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന രാജീവന്റെ ഭാര്യയും, നാലും ഏഴും വയസുള്ള രണ്ട് മക്കളും അച്ഛനും അമ്മയും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബഹ്‌റൈനിലെ മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നു.

ഉയർന്ന പലിശയ്ക്ക് അനധികൃതമായി പണം കടം കൊടുക്കുന്ന ചിലരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിലൂടെ ചില ബാധ്യതകൾ ഉണ്ടായിരുന്നെന്നും ഇവർ വെള്ളപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നെന്നും സാമൂഹിക പ്രവർത്തകരെ ഉദ്ധരിച്ച് ബഹ്‌റൈനി മാധ്യമമായ ഗൾഫ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.