തിരുവനന്തപുരം: അരിവില വർധനവിന് കാരണമാകുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഉത്സവകാലത്ത് അരിയുടെ വിലക്കയറ്റത്തിനു കാരണമാകുന്ന നിലപാടുകളാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമിലെ (ഒ.എം.എസ്.എസ്) ടെൻഡറിൽ പങ്കെടുക്കുന്നതിന് സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയതാണു കേരളത്തിലേക്കുള്ള അരി ലഭ്യത ഉത്സവകാലത്തു കുറയാനുള്ള ഒരു കാരണമെന്ന് അദ്ദേഹം അറിയിച്ചു.

ഈ സ്‌കീമിൽ അരി കിലോക്ക് 29 രൂപ നിരക്കിലും ഗോതമ്പ് കിലോക്ക് 21.50 രൂപ നിരക്കിലുമാണു ലഭിക്കുക. ഇതിനു പുറമേ മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന നീല, വെള്ള റേഷൻ കാർഡുകൾക്കായി കേരളത്തിനു ലഭിക്കുന്ന ടൈഡ് ഓവർ അരിവിഹിതം വർധിപ്പിക്കാത്തതും സംസ്ഥാനത്തിനു പ്രയാസകരമാണ്. പ്രതിവർഷം 14.25 ലക്ഷം ടൺ റേഷൻ ഭക്ഷ്യധാന്യ വിഹിതം കേരളത്തിനു ലഭിക്കുന്നതിൽ 10.26 ലക്ഷം ടൺ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾക്കാണ്.

സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരിയുടെ ടൈഡ് ഓവർ വിഹിതം 33,294 മെട്രിക് ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് ആവശ്യമായ തോതിൽ നൽകുന്നതിന് പര്യാപ്തമല്ല. ഓരോ മാസവും വെള്ള, നീല കാർഡ് ഉടമകൾക്കായി നൽകാവുന്ന ടൈഡ് ഓവർ വിഹിതം 33,294 ടൺ ആയി കേന്ദ്രസർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സംസ്ഥാനത്തിന് അനുവദിച്ചുവന്നിരുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിഹിതത്തിലും വലിയ തോതിലുള്ള വെട്ടിക്കുറവാണ് കേന്ദ്ര സർക്കാർ വരുത്തിയത്.

എന്നാൽ, സംസ്ഥാനത്ത് ഉത്സവ സീസണുകളിലാണ് ഈ കാർഡ് ഉടമകൾ കൂടുതൽ അരി വാങ്ങുന്നതും സർക്കാർ സ്‌പെഷൽ അരി വിഹിതം നൽകുന്നതും. ഇതിന് കേന്ദ്ര സർക്കാർ പിഴത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓരോ വർഷത്തെയും അരി വിഹിതം അതാതു മാസം ക്രമീകരിച്ചു നൽകാൻ അനുവാദം വേണമെന്ന് സംസ്ഥാന സർക്കാർ പലതവണ അഭ്യർത്ഥിച്ചിരുന്നു.

ടൈഡ് ഓവർ വിഹിതം വർധിപ്പിക്കണമെന്നും അരിയുടെ പ്രതിമാസ വിതരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള സീലിങ് ഒഴിവാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംമ്പന്ധിച്ച് കഴിഞ്ഞ ദിവസം തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ വച്ച് ചർച്ച നടത്തിയത്. ചർച്ചയിൽ കേരളത്തിന് ആവശ്യമായ ഇനം അരിയും മുളകും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തെലുങ്കാന സർക്കാർ തയാറാണെന്ന് അറിയിച്ചു.