തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 44.5 ലക്ഷം വിലവരുന്ന 838.86 ഗ്രാം സ്വർണവുമായാണ് വിമാനയാത്രക്കാരൻ പിടിയിലയത്. ഹരിയാന സ്വദേശി സമീർ അത്രിയാണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. കസ്റ്റംസിന്റെ പരിശോധനയിൽനിന്ന് ആദ്യം രക്ഷപ്പെട്ട ഇയാൾ ആഭ്യന്തര ടെർമിനൽ വഴി ഡൽഹിക്കു പോകാനൊരുങ്ങുമ്പോഴാണ് പിടിയിലായത്.

ആഭ്യന്തര ടെർമിനലിൽ സെക്യൂരിറ്റി പരിശോധനയുടെ ഭാഗമായി സിഐ.എസ്.എഫ്. ഉദ്യോഗസ്ഥൻ ഹാൻഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

തുടർന്ന് കസ്റ്റംസിനെ വിവരമറിയിച്ചു. അവർ നടത്തിയ പരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിലുണ്ടായിരുന്ന പ്രത്യേക അറയിൽ കുഴമ്പുരൂപത്തിലാക്കി സ്വർണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു.