തിരുവനന്തപുരം: സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരൻ പിടിയിൽ. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ 2.45 ന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു മുഹമ്മദ് അഫ്‌സർ എത്തിയത്.

ലുങ്കികൾ കസ്റ്റംസിന്റെ കൊച്ചിയിലുള്ള ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയക്കും. എയർ ഇന്റലിജൻസ് യൂണിറ്റിന്റെ അസി. കമ്മിഷണർ എം എം നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്വർണം ചേർത്ത ലായനിയിൽ മുക്കിയെടുത്ത തരത്തിലായിരുന്നു ലുങ്കികൾ. ഇത്തരത്തിലുള്ള 10 ലുങ്കികലാണ് ഇയാളുടെ പക്കൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്വർണമാണ് ഇങ്ങനെ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലുങ്കികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്താൽ മാത്രമേ കൃത്യമായ കണക്ക് പറയാൻ കഴിയൂ എന്നും കസ്റ്റംസ് പറഞ്ഞു.