തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരെഞ്ഞെടുപ്പ് നാളെ രാവിലെ 10ന് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ച് മന്ത്രിപദത്തിലേക്ക് എത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എൻ. ഷംസീർ, അൻവർ സാദത്ത് എന്നവരാണ് സ്പീക്കർ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ അറിയിച്ചു.

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്. തൃത്താല മണ്ഡലത്തിൽ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്.