കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിത ആരോപിക്കുന്നത്.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കോടതി അതിജീവിതയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിത ഉയർത്തിയ ആരോപണങ്ങൾ. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിക്കുന്നു.

ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഹർജി ഇതേ ബഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിട്ടുണ്ട്.