കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി. മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആർടിസി ഡ്രൈവർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവർ അടക്കം അഞ്ച് പേർക്കെതിരെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവത്തിൽ എടിഒയും അടക്കം അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവർ ലിജോ സി ജോൺ എന്നിവർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ പിടിയിലായ ഇവരെ 'ഞാൻ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല' എന്ന് ആയിരം പ്രാവശ്യം പൊലീസ് സ്റ്റേഷനിൽ ഇരുത്തി എഴുതിപ്പിച്ചത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നാണ് മാനേജ്മെന്റ് പറയുന്നത്.