തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിലാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ അതിവേഗം പുറത്തിറക്കി. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കോട്ടയത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.

നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവച്ച് തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ ഉടൻ തന്നെ മാറ്റുകയും തീയണയ്ക്കുകയുമായിരുന്നു. ഡ്രൈവറിരിക്കുന്നിടത്തെ മുൻഭാഗത്ത് നിന്ന് തീപടരുകയായിരുന്നു. എൻജിന്റെ ഭാഗത്തുനിന്ന് പുകയുയർന്നപ്പോൾ തന്നെ ജീവനക്കാർ സമയോചിതമായി ഇടപെട്ടു.

തുടർന്ന് യാത്രക്കാരെ പുറത്തിറക്കി തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിങ്വിഷർ എത്തിച്ച് തീയണക്കുകയായിരുന്നു. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പുകയുയരുന്നെന്ന് യാത്രക്കാരിലൊരാൾ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് വാഹനം നിർത്തി തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.