പാലക്കാട്: മണ്ണാർക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. തത്തേങ്ങലം പുളിഞ്ചോട് സ്വദേശി മണികണ്ഠന്റെ വളർത്തു നായ അക്രമിക്കപ്പെട്ടിരുന്നു. ജനവാസ മേഖലയിലിറങ്ങിയ പുലി ആക്രമിച്ചുവെന്നാണ് വീട്ടുകാരുടെ പരാതി.ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞെന്നാണ് വീട്ടുകാർ വനപാലകരെ അറിയിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.ഈ ജനവാസ മേഖലയിൽ മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. തത്തേങ്ങലത്ത് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെ മൂന്ന് പുലികളെ കാർ യാത്രക്കാർ കണ്ടിരുന്നു. രണ്ട് ദിവസം മുൻപ് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിലെ കമ്പിയിൽ കാൽ കുരുങ്ങി ആൺ പുലി ചത്തിരുന്നു.