കണ്ണൂർ:സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയം മൂക്കുകയും ചെയ്തതിനെ തുടർന്ന് കാമുകനെ കാണാൻ പയ്യന്നൂരിലെത്തിയ തൃശൂർ സ്വദേശിനിയായ യുവതി പെരുവഴിയിലായി. തൃശൂർ മഹിളാമന്ദിരത്തിൽ താമസിക്കുന്ന യുവതിയാണ് കാമുകനായ പയ്യന്നൂരിലെ ഹോട്ടൽ തൊഴിലാളിയായ യുവാവിനെ തേടിയെത്തിയത്.

രാത്രി 12 മണിയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ 19 വയസുകാരി ഇവിടെ നിന്നും വട്ടംകറങ്ങുന്നതു കണ്ട് റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യുവതിയെ രാത്രി പന്ത്രണ്ടോടെയാണ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.

ഇതേതുടർന്ന് സ്റ്റേഷൻ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് തൃശ്ശൂരിലെ മഹിളാ മന്ദിരത്തിൽ താമസിച്ച് ബിരുദ പഠനം നടത്തിവരുന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. പയ്യന്നൂർ കണ്ടോത്തെ ഹോട്ടൽ തൊഴിലാളിയായ കാമുകൻ സ്റ്റേഷനിലെത്താമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്ന് പലവട്ടം ഫോണിൽ വിളിച്ചിട്ടും ഇയാളെ കാണാതെ വിഷമിക്കുന്നതിനിടയിലാണ് സ്റ്റേഷൻ അധികൃതർ യുവതിയെ കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് തൃശൂരിലെ മഹിളാ മന്ദിരം അധികൃതർ പയ്യന്നൂരിലെത്തി കാമുകിയെ തിരിച്ചു കൊണ്ടുപോയി.