കോഴിക്കോട്/കൊല്ലം: തെരുവുനായ ഇരുചക്രവാഹനത്തിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം. കൊല്ലം അഞ്ചലിൽ സ്‌കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അഞ്ചലിൽ രാവിലെ സ്‌കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് കുറ്റ്യാടി വലിയ പാലത്തിന് സമീപംനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്ക് പറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.