കണ്ണൂർ: വാക്തർക്കത്തിനിടെ വിലയേറിയ മൊബൈൽ ഫോൺ കവർന്നുവെന്ന് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ റിമാൻഡിൽ. യുവാവിനെയും സൃഹൃത്തിനെയും തളിപറമ്പ് സ്വദേശികളായ മൂന്ന് പേർ തടഞ്ഞു നിർത്തി മർദ്ദിച്ചിരുന്നു. ഇതിനിടെ മൊബൈൽ ഫോൺ തട്ടിയെടുത്തുന്നുവെന്ന് ആരോപിച്ച് ഇവരെ കാറിൽ തട്ടിക്കൊണ്ടു പോവുകയും രഹസ്യകേന്ദ്രത്തിൽ കൊണ്ടു പോയി വീണ്ടും അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.

ഈ കേസിൽ തളിപ്പറമ്പ് തൃച്ഛംബരം സ്വദേശികളായ ശരണ്യയിൽ എ. രഘുനാഥൻ(47) സി. എച്ച് സേതുമാധവൻ(50) കെ.സി ബാബു(46) എന്നിവരെയാണ് തളിപറമ്പ് ഇൻസ്പെക്ര് എ.വി ദിനേശൻ അറസ്റ്റു ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് തളിപറമ്പ് ഏഴാം മൈലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എം. ആർ. എ റസ്റ്റ്റോന്റിനു സമീപം വെച്ച് പാലക്കാട് പട്ടാമ്പി സ്വദേശിയായ വിനീഷിനെയും സുഹൃത്ത് സുധീഷിനെയും കാറിലെത്തിയ മൂന്നംഗ സംഘം മൊബൈൽ ഫോൺ മോഷ്്ടിച്ചുവെന്നാരോപിച്ച് ഭീഷണിപ്പെടുത്തി കാറിൽ ബലമായി കടത്തിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

തൃച്ഛംബരം വായനശാലയ്ക്കു സമീപംവെച്ചു മർദ്ദിക്കുന്നതിനിടെ ഇവരുടെ തടങ്കലിൽ നിന്നും ഓടി രക്ഷപ്പെട്ട വിനീഷ് തളിപറമ്പ് പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ പിടിയിലായത്. ഇവരെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.