വിജയവാഡ: ദേശീയതലത്തിൽ ബിജെപി വിരുദ്ധ ബദൽ രൂപപ്പെടുത്തുവാൻ കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യമുന്നയിച്ച് സിപിഐ. പാർട്ടി കോൺഗ്രസിൽ കേരളാഘടകം. ബിജെപി വിരുദ്ധ ബദൽ സഖ്യത്തിന്റെ കാര്യത്തിൽ വ്യക്തത വേണമെന്നും രാഷ്ട്രീയ റിപ്പോർട്ടിന്റെ ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.

കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ ദേശീയ ബദൽ സാധ്യമല്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ബിജെപിയെ താഴെയിറക്കണമെങ്കിൽ രാജ്യത്തുടനീളം വേരോട്ടമുള്ള കോൺഗ്രസിനെ കൂടെ കൂട്ടിയാൽ മാത്രമേ സാധിക്കൂ.

കേരളത്തിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ ദേശീയതലത്തിൽ ഇക്കാര്യത്തിൽ ഒരു സഖ്യം വേണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടത്. അതിന് മുമ്പേതന്നെ സഖ്യം വേണമെന്ന ആവശ്യമാണ് കേരളാ ഘടകത്തെ പ്രതിനിധീകരിച്ച് സംസാരിച്ച രാജാജി മാത്യു തോമസ് ഉന്നയിച്ചത്. വിഷയം തിങ്കളാഴ്ച നടക്കുന്ന പൊതുചർച്ചയിലും ചർച്ചയാകും.