ചേലക്കര: വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽപ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാവിന്റെ പേരിൽ കേസ്. ചേലക്കര വെങ്ങാനെല്ലൂർ പൂനാട്ട് പി.ജെ. മാത്യുവിന്റെ പേരിലാണ് വനംവകുപ്പ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. പി.ജെ. മാത്യു ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ പരിശോധനയിൽ കാട്ടുപന്നി ഇറച്ചി കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരെ കണ്ടതും പി.ജെ. മാത്യു ഓടിപ്പോകുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. മേപ്പാടം മേലാംകോൽ പ്രദേശത്ത് കൃഷിയിടത്തോട് ചേർന്നുള്ള ഷെഡ്ഡിൽനിന്ന് കഷണങ്ങളാക്കിയ നിലയിൽ കാട്ടുപന്നിയിറച്ചിയും കെണിക്കായൊരുക്കിയ കമ്പികളും സാധനസാമഗ്രികളും കണ്ടെടുത്തു. പരിശോധനയ്ക്ക് മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം വി ജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. ഉണ്ണികൃഷ്ണൻ നായർ, എം. ഗണേശ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

ഇതേ സംഭവത്തിൽ പി.ജെ. മാത്യുവിന്റെ പേരിൽ വൈദ്യുതിമോഷണത്തിനും കേസെടുത്തു. അനധികൃതമായി ലൈനിൽനിന്ന് വൈദ്യുതിയെടുത്തതിനാണ് കേസ്. നിലവിലുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി. ചേലക്കര സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ ടി.ജെ. അജിതകുമാരി, സബ് എൻജിനീയർ വി.കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.