തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുന്നൂറോളം മോഷണക്കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവ്. വിചാരണയ്ക്ക് മുന്നോടിയായി കുറ്റം ചുമത്താൻ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റേതാണ് ഉത്തരവ്. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രതിയെ ഏപ്രിൽ 13 ന് ഹാജരാക്കണം.

കൊല്ലം ഉളിയനാട് വില്ലേജിൽ പൂതക്കുളം കുളത്തൂർക്കോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്ന ബാബു (62) വിനാണ് ജാമ്യം നിഷേധിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത രണ്ടാം പ്രതി കളിയിക്കാവിള സ്വദേശി അബ്ദുൾ റൗഫ് (24) ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ബാബുവിനു ജാമ്യം നിഷേധിച്ച കോടതി സ്ഥിരം കുറ്റവാളിയായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തനിക്കെതിരായ പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന ബാബുവിന്റെ വിടുതൽ ഹർജി കോടതി തള്ളി. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ കോടതി മുമ്പാകെയുണ്ടെന്ന് വ്യക്തമാക്കിയാണ് വിടുതൽ ഹർജി തള്ളിയത്.

സ്ഥിരം കുറ്റവാളിയായ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കുറ്റം ആവർത്തിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം ശ്രീ വീട്ടിൽ റിട്ടയേഡ് ഐ ആർ എസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട് കുത്തിത്തുറന്ന് അലമാരയിലെ സ്വർണ്ണവും വില പിടിപ്പുള്ള ഇലക്ടോണിക് ഉപകരണങ്ങളുമടക്കം 4 ലക്ഷം രൂപയുടെ കവർച്ച നടത്തിയ കേസിലാണ് വിചാരണ തുടങ്ങുന്നത്. ജൂലൈ 20 ന് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ സെപ്റ്റംബർ 18 നാണ് പൂജപ്പുര പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.