തിരുവല്ല: ലഹരിക്കടിമയായി അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭ കൗൺസിലർമാർക്കും മുൻ കൗൺസിലർക്കും ആക്രമണത്തിൽ പരുക്ക്. മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി.

പെരിങ്ങോൾ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോൾ വഞ്ചി പാലത്തിങ്കൽ മേനാട്ടിൽ വീട്ടിൽ സോജൻ സി ബാബു (23), പെരിങ്ങോൾ വലിയേടത്ത് വീട്ടിൽ ജോയൽ (23) എന്നിവരാണ് പിടിയിലായത് . നഗരസഭ താൽക്കാലിക ജീവനക്കാരനും മുപ്പതാം വാർഡിൽ താമസക്കാരനുമായ പെരിങ്ങോൾ വെങ്കടശ്ശേരി വീട്ടിൽ പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

അഴിയിടത്തു ചിറ സംക്രമത്ത് വീട്ടിൽ രാജേഷ് കുമാർ. തയ്യിൽ വീട്ടിൽ അജിത് കുമാർ, മുൻ വാർഡ് കൗൺസിലർ പാതിരപ്പള്ളി വീട്ടിൽ പി.എസ് മനോഹരൻ, വാർഡ് കൗൺസിലർ ജി. വിമൽ, 29-ാം വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മിൽ അതിര് തർക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയിൽ തീർപ്പായിരുന്നു.

ഇതിന് പിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലി കെട്ടി തിരിച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് വീടു കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. വീടു കയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുൻ കൗൺസിലർ പി.എസ്. മനോഹരനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തിൽ രാജേഷിന്റെ ഇടതുകാൽ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു. മനോഹരന്റെ മുഖത്താണ് പരുക്കേറ്റത്.

തുടർന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരുക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലാവാൻ ഉണ്ടെന്ന് എസ് ഐ പറഞ്ഞു.