കൊളംബോ: ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങന്മാരെ കയറ്റുമതി ചെയ്യുന്നതു ശ്രീലങ്ക പരിഗണിക്കുന്നു. ശ്രീലങ്കയിലുള്ള ടോക് മക്കാക്ക് എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങന്മാരെയാണു കയറ്റുമതി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് ശ്രീലങ്കയുടെ കുരങ്ങ് കച്ചവടം. ചൈനയിലെ 1000 മൃഗശാലകളിൽ വളർത്താനായി ഈയിനം കുരങ്ങന്മാരെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്ക കൃഷിമന്ത്രി മഹിന്ദ അമരവീരയുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണ്. രാജ്യാന്തര മാനദണ്ഡപ്രകാരം വംശനാശം നേരിടുന്നവയാണെങ്കിലും ടോക് മക്കാക്കുകളുടെ എണ്ണം ശ്രീലങ്കയിൽ 30 ലക്ഷത്തിനപ്പുറം കടന്നെന്നും ഇവ രാജ്യത്തെ കർഷകർക്ക് വലിയ ശല്യമുണ്ടാക്കുന്നുണ്ടെന്നുമാണ് ചർച്ചയിൽ ഉയരുന്ന പ്രധാനവാദം.

ചുവപ്പു കലർന്ന ബ്രൗൺ നിറമുള്ള കുരങ്ങുകളാണു ടോക് മക്കാക്ക്. ശ്രീലങ്കയിൽ ഇവ റിലാവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോൺസ്, ഒപിസ്‌തോമേലസ് എന്നീ ഇനം കുരങ്ങന്മാരുമുണ്ട്.