വൈത്തിരി: വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒ.പിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ലക്കിടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ലക്കിടി സ്വദേശി വേലായുധൻ എന്നയാളാണ് ബഹളമുണ്ടാക്കിയത് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഒ.പി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ ഒ.പി നിർത്തി വച്ച് അവിടെ നിന്ന് മാറി നിൽക്കേണ്ടി വന്നു.

ഒ.പിയിൽ നിന്നും പുറത്താക്കിയതോടെ ഇയാൾ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയിൽ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.