കൊട്ടാരക്കര: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയശേഷം അമ്മയെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ ചെങ്ങമനാട് അരിങ്ങട ചരുവിള പുത്തൻവീട്ടിൽ (ജോജോ ഭവൻ) മിനിയാണു (50) മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. അക്രമാസക്തനായ മകൻ ജോമോനെ (30) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ദേശീയപാതയിൽ ചെങ്ങമനാട് ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തുവച്ചാണ് സംഭവം.

മാനസിക വെല്ലുവിളി നേരിടുന്ന മിനി ഏറെ നാളായി ചികിത്സയിലാണ്. കലയപുരം ആശ്രയ സങ്കേതത്തിൽ 2007 മുതൽ ചികിത്സയിൽ കഴിയുന്ന ഇവരെ രോഗം ഭേദമാകുമ്പോൾ ഇടയ്ക്കിടെ വീട്ടുകാർ എത്തി വീട്ടിലേക്കു കൊണ്ടുപോകും. ഇത്തവണയു പതിവു പോലെ കൂട്ടിക്കൊ1ണ്ടു പോയ ശേഷമാണ് മകൻ കൊലപ്പെടുത്തിയത്. മെയ്‌ 24നാണ് മിനി അവസാനം ആശ്രയയിലെത്തിയത്. അസുഖം ഭേദമായെന്നും വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ഇന്നലെ രാവിലെ മകനെ ഫോണിലൂടെ അറിയിച്ചു.

ഇതുപ്രകാരം ആശ്രയയിലെത്തിയ ജോമോൻ രാവിലെ 11.45ന് അമ്മയയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയ ഉടൻ ഡോക്ടറെ കാണണമെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും മിനി ആവശ്യപ്പെട്ടു. തുടർന്നു ബൈക്കിൽ ആശുപത്രിയിലേക്കു പോകും വഴി ചെങ്ങമനാട് ജംക്ഷനിൽ എത്തിയപ്പോഴാണു ക്രൂരമായ സംഭവം. ബൈക്ക് നിർത്തി ഇറങ്ങിയ ജോമോൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു മിനിയെ കുത്തുകയായിരുന്നുവെന്നാണു ദൃക്‌സാക്ഷികൾ നൽകിയ മൊഴി. യാത്രാമധ്യേ അമ്മയും മകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി എന്നും പറയുന്നു. ജെസിയാണു മിനിയുടെ മകൾ.