ചേർത്തല: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരിൽ ഗൃഹനാഥനെയും മകനെയും ക്രൂരമായി മർദിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 20നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ രാജീഭവൻ വീട്ടിൽ അക്ഷയ് ആർ. രാജേഷ് (കണ്ണൻ-18), അജയ് ആർ. രാജേഷ് (ഉണ്ണി-18), തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ വെളീപറമ്പ് വീട്ടിൽ ബിജുമോൻ (48), മകൻ വിമൽ ബിജു (മണിക്കുട്ടൻ-19) എന്നിവരെയാണ് ചേർത്തല ഇൻസ്പെക്ടർ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ചേർത്തല ശാവേശേരിക്ഷേത്രത്തിനു സമീപം മിഥുൻനിവാസിൽ മോഹനനെയും മകൻ മിഥുനെയും ഇരുമ്പുവടിയും ബിയർ കുപ്പിയും കൊണ്ട് നാലംഗ സംഘം ആക്രമിക്കുക ആയിരുന്നു. മിഥുനെ അക്രമിക്കുന്നതു കണ്ടു തടയാൻ ചെന്ന മോഹനനെയും സംഘം അക്രമിക്കുകയായിരുന്നു. കണ്ണിനു താഴെയുള്ള അസ്ഥിക്കും തോളെല്ലിനും പരിക്കേറ്റ മോഹനൻ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

മോഹനന്റെ അനുജനിൽ നിന്നും കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനെത്തുടർന്നാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ വി.ജെ. ആന്റണി, എസ്. സന്തോഷ് കുമാർ, സീനിയർ സിപിഒ ബിനുമോൻ, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.