നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ളക്കെട്ടിൽ നീന്തിക്കളിച്ച വിദ്യാർത്ഥിയെ കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ (സെബാൻ) മകൻ ആൽബിൻ സെബാസ്റ്റ്യനെ (17) ആണ് വെള്ളക്കെട്ടിൽ കാണാതായത്. അമ്മ ദീപ നോക്കിനിൽക്കെയാണ് നീന്തിക്കൊണ്ടിരുന്ന ആൽബിനെ കാണാതായത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം നീന്തുമ്പോഴാണ് ആൽബിനെ കാണാതാവുന്നത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാളോളം താഴ്ചയുള്ള ബങ്കളത്തെ വെള്ളക്കെട്ടിലാണ് ആൽബിൻ മുങ്ങിയത്.

ഉപ്പിലക്കൈ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. രാത്രി വൈകിയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്.