കോന്നി: സഞ്ചായത്ത് കടവ് പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. വൈകിട്ട് 4.50 ഓടെയാണ് തെങ്ങുംകാവ് പുളിമുക്ക് പാറയടിതെക്കേതിൽ സദാനന്ദൻ (83) ചെരുപ്പും വാച്ചും പാലത്തിൽ ഊരി വച്ച ശേഷം ആറ്റിലേക്ക് ചാടിയത്. ഇതു വഴി വന്ന വാഹന യാത്രികരാണ് സമീപത്തെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സും പൊലീസും തെരച്ചിൽ ആരംഭിച്ചു.

പത്തനംതിട്ടയിൽ നിന്നും സ്‌കൂബ ടീം എത്തിയിരുന്നു. സഞ്ചായത്ത് കടവ്,ചിറ്റൂർ, വെട്ടൂർ, മാമ്മൂട് തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉയർന്ന ജലനിരപ്പും ഒഴുക്കും തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇരുട്ടായതോടെ തെരച്ചിൽ അവസാനിപ്പിച്ചു.

നാളെ രാവിലെ വീണ്ടും ആരംഭിക്കും. ഇളയ മകളോടൊപ്പം കുമ്പഴയിലായിരുന്നു താമസം. വിധവയും കാൻസർ രോഗിയുമാണ് ഈ മകൾ. ഇതിൽ സദാനന്ദന് മനോവിഷമം ഉണ്ടായിരുന്നതായി മൂത്ത മകൾ പൊലീസിനോട് പറഞ്ഞു. ഇവരാണ് ആറ്റിൽ ചാടിയത് സദാനന്ദനാണെന്ന് സ്ഥിരീകരിച്ചതെന്ന് എസ്്.ഐ പി. സുമേഷ് പറഞ്ഞു.