തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാർ യോഗത്തിൽ സംബന്ധിക്കും. നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ യോഗത്തിൽ മന്ത്രി വീണാ ജോർജ് വിശദീകരിക്കും. നിപയുടെ ഉറവിടം കണ്ടെത്തിയ കോഴിക്കോട്ടെ പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നിപ ചികിൽസയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചിരുന്നു. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.