കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎ‍ൽഎയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സി പി എം നേതാവ് പി ജയരാജന്റെ പരാതിയിലാണ് അപകീർത്തി കേസ്. അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ നടത്തിയ പരാമർശം അപകീർത്തികരമാണന്നായിരുന്നു കേസ്. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെ.എം. ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജൻ അപകീർത്തി കേസ് നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ.എം. ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി. ജയരാജന്റെ പരാതി.

എന്നാൽ, ഒരു എംഎ‍ൽഎ എന്ന നിലയിൽ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമർശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.