കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം, ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെ കേസിൽ പ്രതികളാക്കിയിരിക്കുകയാണ്. അത് കള്ളക്കേസാണ്. കള്ളക്കേസിൽ കുടുക്കി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്താൽ കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.

'പെരിയ കേസ് നടത്താൻ ഒരു രൂപപോലും പിരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. കേസിലെ പ്രതികളുടെ കുടുംബങ്ങൾ പാർട്ടിയെ സമീപിച്ചിട്ടുണ്ട്. അവർ അഡ്വ. സി.കെ. ശ്രീധരനോട് കേസ് വാദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെളുത്തോളി രാഘവനും കേസിൽ പ്രതിയാണ്. അദ്ദേഹത്തിനെതിരെയും കള്ളക്കേസാണ് ചുമത്തിയത്. അസാന്മാർഗിക വിഷയവുമായി ബന്ധപ്പെട്ട് തെളിവു ലഭിച്ചതിനാൽ അദ്ദേഹത്തെ അടുത്ത ദിവസം പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ചാണ് നടപടി. എന്നാൽ, കേസ് കള്ളക്കേസായതിനാൽ പാർട്ടിയുടെ സഹായം അദ്ദേഹത്തിനും ലഭിക്കും' - ജില്ല സെക്രട്ടറി വാർത്തസമ്മേളനത്തിൽ പറഞ്ഞു.