തലശേരി: ഡൽഹി -തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ മലയാളി കുടുംബം കവർച്ചയ്ക്കിരയായ സംഭവത്തിൽ റെയിൽവെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈനീകന്റെ കുടുംബത്തിന്റെ ബാഗിലുണ്ടായിരുന്ന മൂന്നുപവന്റെ സ്വർണാഭരണവും ഫോണും പണവുമാണ് മോഷ്ടിച്ചത്. വടകര കൈനാട്ടി സ്വദേശിയായ നിധീഷും കുടുംബവുമാണ് കവർച്ചയ്ക്കിരയായത്.

മോഷ്ടാവ് സ്വർണാഭരണവും പണവുമെടുത്തതിനു ശേഷം ഫോൺ ശൗചാലത്തിലിടുകയായിരുന്നു. തിങ്കളാഴ്‌ച്ചയാണ് സംഭവം. ഡൽഹിയിൽ നിന്നും കോഴിക്കോട്ടെക്ക് ടിക്കറ്റെടുത്തതായിരുന്നു ഇവർർണ ബി. ഏഴ് കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. പുലർച്ചെ പൻവേലിയായിരുന്നു കവർച്ച നടന്നതെന്ന് ആർമി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു. ബി എട്ടിൽ യാത്ര ചെയ്തിരുന്ന ഷൊർണൂർ സ്വദേശിയുടെ ഫോണും കളവുപോയതായി ഇവർ പറഞ്ഞു.

കണ്ണൂരിലിറങ്ങിയാണ് നിധീഷ് പരാതി നൽകിയത്. എലത്തൂർ ട്രെയിൻതീവയ്‌പ്പിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ ആർ. പി. എസ് കർശന പരിശോധന നടത്തിവരുന്നതിനിടെയാണ് യാത്രക്കാരായ കുടുംബം കൊള്ളയടിക്കപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് കണ്ണൂർ റെയിൽവെ പൊലിസ് അറിയിച്ചു. സൈനികന്റെ കുടുംബം കൊള്ളയ്ക്കിരയായ റെയിൽവെ സ്റ്റേഷനിൽ വിവരമറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ ശേഖരിക്കുമെന്നും പൊലിസ് പറഞ്ഞു.