മലപ്പുറം: ഭാരതപ്പുഴയോരത്ത് വൻ മണൽവേട്ട. ഇന്ന് പുലർച്ചെ തുടങ്ങിയ പരിശോധനയിൽ ഭാരതപ്പുഴയിലെ തിരുന്നാവായ, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽനിന്നായി കണൽകടത്താനുപയോഗിച്ച പത്തു തോണികൾ പിടിച്ചെടുത്തു. തിരൂർ സിഐ എം.ജെ ജിജോയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിഐ നേതൃത്വത്തിൽ തിരുന്നാവായ ബന്തർ കടലിലും പരിസര പഞ്ചായത്തുകളിലുമാണ് പരിശോധന. തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിലെ അനധികൃത കടത്ത് കേന്ദ്രങ്ങളിലും പൊലീസ് സംഘമെത്തി. പൊലീസിനെ കണ്ടതോടെ പല സംഘങ്ങളും തോണി പുഴയിൽ മുക്കി രക്ഷപ്പെട്ടു.

എന്നാൽ വെള്ളത്തിൽ താഴ്‌ത്തിയ തോണികൾ പൊലീസ് കണ്ടെത്തി മുങ്ങി കസ്റ്റഡിയിലെടുത്തു. മണൽകടത്തിനുപയോഗിക്കുന്ന തോണികളുടെ താഴെ രണ്ടു വശങ്ങളിലുമായി രണ്ടു ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വാൽവുപോലെ അടക്കാനും തുറക്കാനും സാധിക്കുന്നതാണ്. മണൽകടത്ത് കഴിഞ്ഞ ശേഷം ഈ വാൽവ് തുറക്കും. ഇതോടെ തോണിയിലേക്ക് വെള്ളം കയറുകയും തോണി താഴ്ന്നുപോകുകയും ചെയ്യും. താഴേ കയറുകൊണ്ടുകെട്ടിവെച്ച ശേഷം ആവശ്യമാകുന്ന സമയത്ത് തോണി ഉയർത്തി വെള്ളം കളഞ്ഞാണ് പിന്നെ തണൽകടത്തു നടത്തുകയെന്നും തിരൂർ സിഐ: എം.ജെ ജിജോ പറഞ്ഞു. ഇതോടെ പരിശോധനക്കു വരുന്ന പൊലീസിനു തോണികൾ കണ്ടെത്താൻ സാധിക്കാറില്ലായിരുന്നു. പിന്നീടാണ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത തോണികളെല്ലാം ജെ.സി.ബി. ഉപയോഗിച്ചു പൊളിക്കുമെന്നും തിരൂർ സിഐ പറഞ്ഞു.

കരയിൽ സൂക്ഷിച്ചിരുന്ന മണൽ ശേഖരം പുഴയിൽ തള്ളുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് തോണികളും ഒരു ലോറിയും മറ്റു യന്ത്ര സാമിഗ്രികളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ കുഞ്ചിക്കടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ഒരു ലോറി പൊലിസ് സംഘം പിടികൂടി. ഇവിടെ മണൽ വാരാൻ ഉപയോഗിച്ചിരുന്ന 10 ഓളം തോണികളും പിടിച്ചെടുത്തു.

അതേ സമയം കഴിഞ്ഞ ദിവസവും തൃപ്രങ്ങോട് പഞ്ചായത്തിലെ ഭാരതപ്പുഴയുടെ തീരങ്ങളിൽ തിരൂർ പൊലീസിന്റെ മിന്നൽ പരിശോധനയിൽ ആറു മണൽ കടത്തു വഞ്ചികളും മുപ്പതോളം ലോഡ് മണലും പിടിച്ചെടുത്തിരുന്നു. ശേഷം വഞ്ചികൾ ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും മണൽ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു. മണൽ കടത്തു തടയുന്നതിന് തിരൂർ സിഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലായിരുന്നു അന്നും റെയ്ഡ് നടത്തിയത്.
പെരുന്തല്ലൂർ, മൂച്ചിക്കൽ ഭാഗങ്ങളിലെ അനധികൃത കടവുകളിലാണ് പരിശോധന നടന്നത്. പൊലീസിനെ കണ്ട് പുഴയിൽ താഴ്‌ത്തിയ മണൽ വഞ്ചികൾ സാഹസികമായാണ് പൊലീസ് തിരിച്ചെടുത്തത്. എസ്. ഐ മാരായ സജേഷ് സി ജോസ്, വിപിൻ സീനിയർ സി.പി.ഒ മാരായ ജിനേഷ് , ഷിജിത്ത്, രാജേഷ് സിപിഒ മാരായ അരുൺ, ധനേഷ് കുമാർ, ദിൽജിത്ത് റാപ്പിഡ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് സേനാംഗങ്ങൾ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഇതിനു പുറമെ മലപ്പുറം അരീക്കോട് വാഴക്കാട് മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിദിനം വൻതോതിൽ മണൽക്കടത്ത് നടക്കുന്നുണ്ട്. നേരത്തെ രാത്രി 12 മണി മുതൽ ആയിരുന്നു മണൽകടത്തെങ്കിൽ നിലവിൽ എട്ടു മണി മുതൽകടത്ത് ആരംഭിക്കുന്നുണ്ട്. മുൻകാലങ്ങളിൽ മണൽ എടുത്തിരുന്നത് അതാത് പ്രദേശകയത്തുകാർ ആയിരുന്നെങ്കിൽ ഇപ്പോൾ മണൽ എടുക്കുന്നതും വാഹനത്തിൽ കയറ്റുന്നതും ഇതരസംസ്ഥാന തൊഴിലാളികളാണ്. രാത്രി സമയത്ത് പ്രത്യേക ടൗണുകൾ കേന്ദ്രീകരിച്ച് ഇവർ കൂടി നിൽക്കും അവിടെ നിന്ന് നമ്പർ ഇല്ലാത്ത ടിപ്പറുകളിൽ കൂട്ടത്തോടെ കൂട്ടത്തോടെപോയി ഓരോ കടവിലും ഇറക്കി വിടും ഇതാണ് പതിവ് കാഴ്ച.

രാവും പകലുമില്ലാതെ മണൽ ഉള്ള നടക്കുന്നത് പ്രധാനമായും അരീക്കോട് പ്രദേശത്തെ പത്തനാപുരം, വാക്കാലൂർ, ആ താടി, പാവണ്ണ എടവണ്ണ ഭാഗത്തെ വടശ്ശേരി എന്നിവിടങ്ങളിലാണ്. മലപ്പുറം ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ വന്നതോടെ മാവൂർ ഭാഗങ്ങളിലെ കായലം കൽപ്പള്ളി അനധികൃത കടവുകളിൽ നിന്ന് മലപ്പുറം ജില്ലയിലേക്കും തിരിച്ചും മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മണൽ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് ചാലിയാർ പുഴയിൽ മണൽവാരലിന് നിരോധനം ഏർപ്പെടുത്തിയതാണ്. ഇതിനുശേഷം ചാലിയാറിലെ നിരീക്ഷണത്തിനായി പൊലീസിന്റെ പ്രത്യേക ബോട്ട് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോട്ട് തകരാറിലായതോടെ പരിശോധന മുടങ്ങിയതിനാൽ ചാലിയാറിലെ മണൽക്കുള്ള വ്യാപകമായി നടക്കുന്നുണ്ട്.