കൊച്ചി:വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങൾ ചുമത്തി ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരായ കേസിന് സ്‌റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. എഫ്‌ഐആർ റദ്ദാക്കണമെന്ന സണ്ണി ലിയോണിന്റെ ഹർജി പരിഗണിച്ചാണ് നടപടി.പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസിനെതിരെയാണ് നടി ഹർജി നൽകിയിരുന്നത്.

കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.സണ്ണി ലിയോണാണ് കേസിലെ ഒന്നാം പ്രതി.സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ.

പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോൺ പിന്മാറിയെന്നു പരാതിയിൽ പറയുന്നു. നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിനു വിധേയരായിരുന്നു. പിന്നീട് ഇവർ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണും ഹർജിയിൽ ആരോപിച്ചു.