ശ്രീകണ്ഠാപുരം: റോഡിന് കുറുകെ ചാടിയ തെരുവു നായ്ക്കളുടെ ദേഹത്ത് തട്ടി ബൈക്ക് മറിഞ്ഞു വീണ് യാത്രികന്റെ വാരിയെല്ലുകൾക്ക് ക്ഷതമേറ്റു. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ ആലിങ്കിൽ പ്രനീഷി (35)നാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ കുറുമാത്തൂരിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ പ്രനീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്നും നിടിയേങ്ങയിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോൾ കുറുമാത്തൂർ ചൊർക്കള പള്ളിക്ക് സമീപം വച്ച് ഒരു സംഘം തെരുവുനായ്ക്കൾ റോഡിന് കുറുകെ ഓടുകയായിരുന്നു. നായ് കൂട്ടത്തെ ഇടിച്ച ബൈക്ക് മറിഞ്ഞ് തെറിച്ച വീണ പ്രനീഷിന്റെ വാരിയെല്ലിനും വലത് ഭാഗത്തെ ഷോൽഡറിനും പരിക്കേറ്റു.

സംഭവം കണ്ട നാട്ടുകാരാണ് ഓടിയെത്തി പ്രനീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. തലനാരിഴയ്ക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.