ന്യൂഡൽഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ ഫീസ് അടച്ചാൽ മതിയെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മാരായ സി ടി രവികുമാർ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് സ്റ്റേ നൽകിയത്.

ചെറിയ അളവിൽ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റത്തിനു സർക്കാർ ഫീസ് ഇളവ് നൽകിയിരിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതിൽ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു.