പുൽപ്പള്ളി: പുൽപ്പള്ളി 56 ൽ വീണ്ടും കടുവയിറങ്ങി. വാഴയിൽ ബിനീഷിന്റെ ഭാര്യ ചിന്നുവാണ് ഇന്ന് രാവിലെ 9 മണിക്ക് വീടിന് പുറത്തുനിൽക്കുമ്പോൾ കടുവയെ കണ്ടതായി പറഞ്ഞത്. കടുവയെ കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആർആർടി സംഘം.

ഇന്നലെയാണ് പുൽപ്പള്ളി 56ൽ ബൈക്ക് യാത്രികൻ വാഴയിൽ അനീഷിന്റെ മുന്നിലേക്കു കടുവ ചാടിവീണത്. ബൈക്കിൽനിന്നു വീണു പരുക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുവ വാഴയിൽ ബേബിയുടെ മൂരിക്കിടാവിനെ കൊന്നിരുന്നു. ആശ്രമ കൊല്ലി ഐക്കരക്കുടി എൽദോസിന്റെ പശുക്കിടാവിനെയും കടുവ കൊന്നു. പിന്നീട് പല തവണ നാട്ടുകാർ കടുവയെ കണ്ടു. ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് മയക്കുവെടി വയ്ക്കാൻ തീരുമാനമായത്.