കൊച്ചി: കർണാടക ബാഗേപള്ളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന ബഹുജന റാലിയെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. 'ബിജെപി വിരുദ്ധ പോരാട്ടം' നടത്താൻ കർണാടകയിൽ ഇതിലും നല്ല സ്ഥലം വേറെയില്ലെന്ന് വി ടി ബൽറാം പരിഹസിച്ചു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് മുൻ എംഎൽഎയുടെ വിമർശനം.'വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി.

'ബിജെപി വിരുദ്ധ' പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല.' എന്നാണ് വി ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 65710 വോട്ടുകൾ നേടി കോൺഗ്രസ് ഭരിക്കുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. രണ്ടാം സ്ഥാനത്ത് സിപിഐഎമ്മും മൂന്നാം സ്ഥാനത്ത് ജെഡിഎസും നിൽക്കുന്ന മണ്ഡലത്തിൽ നാലാം സ്ഥാനത്താണ് ബിജെപി. മൂന്നാമതുള്ള ജെഡിഎസ് 38302 വോട്ടുകളോടെയാണ് മുന്നിലെങ്കിൽ നാലാം സ്ഥാനത്തുള്ള ബിജെപിയുടെ വോട്ട് 4140 ആണ്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകാത്തതും കേരളത്തിൽ പതിനെട്ട് ദിവസം സംഘടിപ്പിച്ചതിനെതിരേയും സിപിഐഎം നേതാക്കൾ ഉൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ ദിവസം പദയാത്ര സംഘടിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം. ഇതാണോ കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്ന വിമർശനം ഉയർന്നിരുന്നു.

സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഗേപ്പള്ളിയിൽ അരലക്ഷംപേരുടെ ബഹുജന റാലിയാണ് സംഘടിപ്പിക്കുന്നത്. ബാഗെപ്പള്ളിയിലെ പരിപാടിയിൽ പിണറായി വിജയനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.