തിരുവനന്തപുരം:കോട്ടയം സംക്രാന്തിയിലെ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു.ഇത് ഫലവത്തായതായാണ് റിപ്പോർട്ട്.എന്നാൽ അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദ്ദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷണത്തിൽ മായം കലർത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇത് സംബന്ധിച്ച് കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു.

ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ ആ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കർശനമായ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തിൽ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടൽ ഉണ്ടാകണം.

ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളിൽമേൽ കൃത്യമായി പെട്ടെന്നുള്ള നടപടികൾ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കി വരുന്നു. പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയിൽമേലും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.