പാലക്കാട്: ചികിത്സാപിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രി അധികൃതർക്കെതിരെ മരിച്ച ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത്. തങ്കം ആശുപത്രിയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാന സംഭവങ്ങൾ പുനഃപരിശോധിച്ച് നടപടിയെടുക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.

അറസ്റ്റിലായ ഡോക്ടർ അജിത്തിനെതിരേ സമഗ്ര അന്വേഷണം വേണം. അന്വേഷണം പൂർത്തിയാവുന്നതുവരെ മൂന്നു ഡോക്ടർമാരെയും രോഗികളെ ചികിത്സിക്കുന്നത് തടയണം. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണ്. പൊലീസിന്റെയും സർക്കാരിന്റെയും സഹകരണം കൊണ്ടാണ് അറസ്റ്റ് നടപടിയുണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു. ഡോക്ടകർമാരെ ന്യായീകരിക്കുന്ന ഐഎംഎ നിലാപാട് തിരുത്തണം. സമയത്തിന് രക്തം എത്തിക്കാൻ പോലും തങ്കം അധികൃതർ സഹായിച്ചില്ലെന്നും രഞ്ജിത്ത് ആരോപിച്ചു.

ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് കണ്ടെത്തലുകളെ ഐശ്വര്യയുടെ കുടുംബം സ്വാഗതം ചെയ്തു.

സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെയും കുഞ്ഞിനെയും മരണത്തിൽ ആശുപത്രിക്ക് പിഴവ് പറ്റി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ആശുപത്രിക്കെതിരെയുള്ള നടപടികൾ അടക്കം, റിപ്പോർട്ട് വിലയിരുത്തിയ ശേഷം ആരോഗ്യവകുപ്പ് സ്വീകരിക്കും. ഐശ്വര്യയുടെ ബന്ധുക്കളുടെ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ജൂൺ അവസാന വാരമാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വേണമെന്ന് ആദ്യം ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു. പ്രസവത്തിൽ അമിത രക്തസ്രാവത്തെ തുടർന്നാണ് ഐശ്വര്യയും മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.ഐശ്വര്യയെ ഒൻപതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന വാദവുമായി ഐഎംഎ രംഗത്ത് വന്നു. ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നാണ് ഐഎംഎയുടെ വാദം.