തിരുവനന്തപുരം: പണിയെടുത്തിട്ട് ശമ്പളം കിട്ടാത്തതിന്റെ പേരിൽ, സമാധാനപരമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആർടിസി പിൻവലിച്ചു. വൈക്കത്ത് നിന്ന് പാലായിലേക്കാണ് അഖില എസ് നായരെ സ്ഥലംമാറ്റിയത്. ഇനി അഖിലയ്ക്ക് വൈക്കത്ത് തന്നെ ജോലി നോക്കാം. സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് കെഎസ്ആർടിസിക്ക് മനംമാറ്റമുണ്ടായത്.സ്ഥലംമാറ്റം റദ്ദാക്കിയത് മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.

വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സി.എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു. സി.എം.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, അഖില പ്രദർശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങൾ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. അഖിലയ്ക്കെതിരായ നടപടി സർക്കാർ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണ് അഖില പ്രദർശിപ്പിച്ചത്. ആറു ദിവസം വൈകിയപ്പോൾ 41 ദിവസം ശമ്പളം വൈകിയെന്ന തെറ്റായ കാര്യമാണ് പ്രചരിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചത് ശരിയായില്ല എന്ന അഭിപ്രായമുണ്ട്. പക്ഷേ, അതിന്റെ പേരിൽ ട്രാൻസ്ഫർ നടത്തിയത് ശരിയല്ല എന്നാണ് സി.എം.ഡിയുടെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്ഫർ പിൻവലിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജനുവരി 11-ന് വൈക്കം ഡിപ്പോയിൽ നിന്ന് കളക്ടറേറ്റ് സർവീസ് പോയപ്പോൾ, 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചതാണ് അഖിലയ്ക്കെതിരായ നടപടിക്ക് കാരണമായത്. ഇതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ബാഡ്ജ് ധരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. സർക്കാരിനേയും കോർപ്പറേഷനേയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു സ്ഥലംമാറ്റം.