കോട്ടയം: നുണ പറഞ്ഞ് കാര്യങ്ങൾ നേടുന്ന, ആളെ പറ്റിക്കുന്ന ഭരണകൂടത്തിനെതിരെ കടുത്ത അമർഷമാണ് മലയോര മേഖലയിൽ ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങളെ ബാധിക്കുന്ന വിഷയത്തിൽ പിണറായി സർക്കാർ തീർത്തും നിരുത്തവരാദപരമായാണ് പെരുമാറിയത്. ഉപഗ്രഹ സർവേ നടത്തി ബഫർസോൺ നിശ്ചയിച്ചപ്പോൾ 1200 ഓളം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖല രേഖപ്പെടുത്തിയത് വനമായിട്ട്. എരുമേലിയിലെ ഏഞ്ചൽ വാലി, പമ്പാവാലി എന്നി പ്രദേശങ്ങളെയാണ് കാടായി രേഖപ്പെടുത്തിയിരിക്കുന്നത്. ആളുകൾ തിങ്ങി പാർക്കുന്ന നാടിനെ കാടാക്കി മാറ്റിയ പിണറായിസത്തിൽ അന്തംവിട്ടിരിക്കയാണ് നാട്ടുകാർ. ഇവിടെ നാട്ടുകർക്കിടയിൽ കടുത്ത അമർഷമാണ് ഉണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ സമാനമായ പിഴവ് ഉണ്ടായിരിക്കുന്നത് എരുമേലിയിൽ മാത്രമല്ല, മറ്റ് പലയിടത്തും ഇതാണ് അവസ്ഥ. ഇടുക്കി പെരുവന്താനം പഞ്ചായത്തിൽ മൂഴിക്കൽ പ്രദേശം വിട്ടുപോയി. ഇവിടം വനമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോരുത്തോട് ഒരു സർവേ നമ്പറിൽ മൂന്നുവീടുമാത്രം. 10 വീടാണ് ഇവിടെ. ആരുടെ വീട് ഉൾപ്പെട്ടു, ആരുടേതുപോയി എന്നത് എങ്ങനെയറിയും. ആരാണ് പരാതികൊടുക്കേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളിൽ ആർക്കും ഒരു എത്തുംപിടിയും ഇല്ലാത്ത അവസ്ഥയിലാണ്.

മലബാർ സങ്കേതത്തിന് ഏറെ അകലെയുള്ള കൂത്താളി, ചക്കിട്ടപാറ എന്നിവ കരുതൽ മേഖലയായി. ഇവ ഒരുകിലോമീറ്റർ പരിധിയിലുള്ളതല്ല. കണ്ണൂരിൽ ആറളം, കൊട്ടിയൂർ, പത്തനംതിട്ട കൊല്ലമുള, സൈലന്റ് വാലി എന്നിവിടങ്ങളിൽ സർവേ നമ്പറുകളിൽ പിശക്. കൊട്ടിയൂർ പ്രദേശം മാനന്തവാടിയുടെ പരിധിയിലായി, പത്തനംതിട്ട ചിറ്റാർ, സീതത്തോട് എന്നിവ കോന്നി താലൂക്കിലാണ്. റാന്നിയെന്ന് റിപ്പോർട്ടിൽ. ഇവിടെ പെരിയാർ ടൈഗർ റിസർവിൽനിന്ന് 40 കിലോമീറ്റർ അകലമുള്ള ഗ്രാമങ്ങളും കരുതൽപ്രദേശത്ത്. ഇങ്ങനെ അബദ്ധങ്ങളുടെ പഞ്ചാംഗം തന്നെയാണ് സാറ്റലൈറ്റ് സർവേയിൽ ഉണ്ടായിരിക്കുന്നത്.

ഇത്രയേറെ ഗുരുതര പിഴവുകൾ വരുത്തിയിട്ടുള്ള റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനും സർക്കാർ ഒരുങ്ങുമ്പോൾ അത് വന മേഖലയിൽ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ഇതുവരെയുള്ള നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കുന്ന വിധത്തിലായി. ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ട് പ്രാഥമിക ഉപഗ്രഹ സർവേയിൽ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ വനഭൂമിയാണെന്ന വിധത്തിൽ രേഖകളിൽ ഉണ്ടായ പിഴവ് തിരുത്തുന്നതിന് എയ്ഞ്ചൽവാലിയിൽ പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് ആരംഭിക്കാൻ തീരുമാനിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിവിധികളുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം.

ഇന്നലെ മുതൽ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബഫർ സോൺ മേഖലകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റിക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ മറ്റൊരു വിശദമായ സർവേ റിപ്പോർട്ട് തയാറാക്കി കൈമാറും. എല്ലാ കുടുംബങ്ങളും വീട്ടുനമ്പർ, സർവേ നമ്പർ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവയും വീടിന്റെയും തൊഴുത്ത് പോലുള്ള മറ്റ് നിർമ്മിതികളുടെയും ഫോട്ടോയും ഹെൽപ് ഡെസ്‌കിൽ കൊണ്ടുവരണം.

ഫോട്ടോ മൊബൈൽ ഫോണിൽ എടുത്താൽ മതിയാകും. കുടുംബങ്ങളുടെ വിവരങ്ങളും വീടുകളുടെയും മറ്റ് നിർമ്മിതികളുടെയും ചിത്രങ്ങളും ഓൺലൈൻ പെർഫോമയ്ക്ക് ഒപ്പം കംപ്യൂട്ടറിൽ അപ്ലോഡ് ചെയ്യും. ഓൺലൈൻ പെർഫോമ പൂരിപ്പിക്കുന്നതിന് നെറ്റ് വർക്കിന്റെ പ്രതിസന്ധി ഉള്ളതു മൂലമാണ് 2 വാർഡിനും കൂടി ഒരു സ്ഥലത്ത് ഡെസ്‌ക് ആരംഭിക്കുന്നത്.

കരുതൽമേഖല സംബന്ധിച്ച് 2001-ൽ സുപ്രീംകോടതി നൽകിയ നിർദ്ദേശം പാലിക്കാതെ കേരളം പാഴാക്കിയത് 21 വർഷം. സുപ്രീംകോടതി ഇടപെട്ടതോടെ ഇപ്പോൾ തട്ടിക്കൂട്ടി കരുതൽമേഖലാ വിലയിരുത്തൽ നടത്തി. അതിലാവട്ടെ പലതരം പാളിച്ചകളും. കരുതൽമേഖലയുടെ ഉപഗ്രഹസർവേ വനംവകുപ്പിനുവേണ്ടി കേരളാ സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി.) തയ്യാറാക്കിയത് 42 ദിവസംകൊണ്ടാണ്. ഇതിൽത്തന്നെ 14 ഇടത്ത് സർവേ പൂർത്തിയാക്കിയത് 15 ദിവസംകൊണ്ടും. ജനവാസമേഖലകൾ വനമായും മറ്റും തെറ്റായി രേഖപ്പെടുത്തിയ റിപ്പോർട്ടിൽ സർവേ നമ്പറുകളിലും പിശകുണ്ട്. ഒട്ടേറെ ജനവാസമേഖലകൾ വിട്ടുപോയി.

ഓഗസ്റ്റ് 29-ന് കിട്ടിയ റിപ്പോർട്ട് വനംവകുപ്പ് കൈവശംവെച്ച് ഇരുന്നു. ഈമാസം 14-നാണ് സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വിദഗ്ധസമിതി ഇടപെട്ടശേഷമായിരുന്നു ഇത്. വനം, റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് തുല്യ ഉത്തരവാദിത്വമുണ്ടായിട്ടും ആരും ഇതുനോക്കിയില്ല. വനംവകുപ്പ് നേരത്തേത്തന്നെ സർക്കാരിന് റിപ്പോർട്ടുനൽകിയിരുന്നു. അരലക്ഷം ജനവാസകേന്ദ്രങ്ങൾ കരുതൽ മേഖലയിലുണ്ടെന്ന വിവരമൊക്കെ അങ്ങനെ പുറത്തുവന്നതാണ്. കിട്ടിയ റിപ്പോർട്ട് പൊതുപരിശോധനയ്ക്ക് വെച്ചില്ല.

റിപ്പോർട്ടിൽ കുറവുകളുണ്ടെന്ന് വനമടക്കമുള്ള വകുപ്പുകൾ സമ്മതിച്ചു. എങ്ങനെ പരിഹരിക്കും എന്ന ചോദ്യത്തിന് ജനം തിരുത്തട്ടെ എന്നായി. ഇതോടെ നേരിട്ടുള്ള പരിശോധന പരാതിയുള്ളവയിൽ മതിയെന്ന് വിദഗ്ധസമിതി തീരുമാനിച്ചു. ഇതോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സാങ്കേതികപരിജ്ഞാനമുള്ളവർക്കുപോലും മനസ്സിലാക്കാൻ പ്രയാസമുള്ളതാണിത്. സ്വന്തംപ്രദേശം റിപ്പോർട്ടിൽ ഉൾപ്പെടാത്തവർ പൂരിപ്പിച്ചുനൽകേണ്ട ഫോറം കുരുക്കുള്ളതാണെന്ന് കൃഷിക്കാരുടെ സംഘടനകൾ. എന്റെ വീട്/സ്ഥാപനം/കൃഷിഭൂമി കരുതൽമേഖലയെന്ന് പറയുന്ന ഇടത്താണെന്നും ഇത് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലെന്നും കൃഷിക്കാരൻ നേരിട്ടുപറയുന്ന രീതിയിലാണ് ഫോറം. ഇതുപിന്നീട് ദുരുപയോഗം ചെയ്യപ്പെടാം.