കോഴിക്കോട്: മെഡിക്കൽകോളജിൽ സുരക്ഷാ ജീവനക്കാരെ ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഹാർഡ് ഡിസ്‌ക് ഫോറൻസിക് ലാബിലേക്കു പരിശോധനക്ക് അയക്കാൻ വൈകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഇരകൾക്കായി ഹാജരാവുന്ന അഭിഭാഷക ബബില ഉമർഖാൻ. ഏതൊരു കേസിലും തെളിവുകൾ ശേഖരിക്കാനും ഹാജരാക്കാനും വൈകുന്നത് ആശങ്കാജനകമാണ്. മെഡിക്കൽകോളജിലെ സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഇന്നലെ പിടിച്ചെടുത്തിട്ടും ഇന്ന് ഇതുവരെ അത് കോടതയിൽ ഹാജരാക്കാൻ മെഡിക്കൽകോളജ് പൊലിസ് തയാറായിട്ടില്ല.

കേസിൽ വളരെ ആശങ്കാജനകമായ സാഹര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. 12 ദിവസത്തിൽ കൂടുതൽ ദൃശ്യങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ലെന്നാണ് 65 ബി ഫോം പ്രകാരം മെഡിക്കൽകോളജ് പൊലിസ് നൽകിയ അപേക്ഷക്ക് സൂപ്രണ്ട് ഡോ. ശ്രീജൻ മറുപടി നൽകിയിരുന്നത്. ഈ കാലവധി കഴിഞ്ഞാൽ പഴയ ദൃശ്യങ്ങൾ ഇല്ലാതാവും. മർദനം നടന്നിട്ട് 23 ദിവസത്തിന് ശേഷമാണ് സി സി ടി വി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ പൊലിസ് തയാറായത്. ഇതേ നേരത്തെ ചെയ്യേണ്ടതായിരുന്നു.

കേസ് പരിഗണിക്കുന്ന അഞ്ചാം നമ്പർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സി സി ടി വിയുടെ ഹാർഡ് ഡിസ്‌ക് ഹാജരാക്കേണ്ടത്. ഇതിന് ശേഷം ഫോറൻസിക് പരിശോധനക്ക് അയക്കാൻ കോടതിയിൽനിന്ന് പൊലിസ് ഇത് ഏറ്റെടുക്കണം. എന്നാൽ ഇക്കാര്യങ്ങളൊന്നും ഇതുവരെയും ചെയ്തിട്ടില്ല. സ്റ്റേഷൻ ഹൗസ് ഓഫിസറെ ബന്ധപ്പെട്ടപ്പോൾ നൽകാമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇരക്ക് നീതികിട്ടുന്നതിന് തടസമാവുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജീവനെ അപകടപ്പെടുത്തുന്നതോ, 20 ദിവസത്തിലധികം കഠിനമായ ശരീരവേദന അനുഭവപ്പെടുന്നതോ, സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുന്ന ഗരുതരമായ മുറിവുകളുണ്ടാവുന്ന കേസുകളിൽ 320 (8) വകുപ്പ് ചേർക്കേണ്ടതാണ്. ഈ കേസിൽ മെഡിക്കൽകോളജ് പൊലിസ് ഇതുവരെയും ആ വകുപ്പ് ചേർത്തിട്ടില്ല. ഏഴു വർഷമോ, അതിൽ അധികമോ കഠിനതടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്. മർദനത്തിൽ 61 വയസുള്ള സുരക്ഷാ ജീവനക്കാരനായ ദിനേഷിന്റെ രണ്ട് വാരിയെല്ലുകളാണ് പൊട്ടിയത്. അദ്ദേഹം ഇപ്പോഴും അതികഠിനമായ വേദനയുമായി കിടന്നകിടപ്പിൽനിന്ന് പരസഹായമില്ലാതെ അനങ്ങാൻപോലും സാധിക്കാത്ത അവസ്ഥയിലാണ്. ജോലിയിലേക്കു ഇനി തിരിച്ചുവരുന്ന അവസരത്തിൽ മർദനംമൂലം ജോലിക്ക് ഹാജരാവാൻ സാധിക്കാത്ത ദിനങ്ങളിലെ വേതനം ലഭിക്കാനും 320 (8) വകുപ്പ് ചേർക്കേണ്ടത് ആവശ്യമാണെന്നും അഡ്വ. ബബില വ്യക്തമാക്കി.

അതേസമയം കേസിൽ പൊലിസ് തുടരുന്ന നിലപാട് നീതി വൈകിപ്പിക്കാനും നീതി നിഷേധിക്കപ്പെടാനും ഇടയാക്കുമെന്ന ആശങ്കയുള്ളതായി സുരക്ഷാ ജീവക്കാർ വ്യക്തമാക്കി. സംഭവം നടന്നിട്ടും ഇത്രയും ദിവസമായിട്ടും പ്രധാനപ്പെട്ട തെളിവാകുന്ന സി സി ടി വി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ തയാറാവാതിരുന്നതിന് പുറമേ ഇന്നലെ അത് കസ്റ്റഡിയിൽ എടുത്തിട്ടും ഇതുവരെയും കോടതിയിൽ ഹാജരാക്കാൻ പൊലിസിന്റെ ഭാഗത്തുനിന്നു നീക്കമില്ലാത്തതും അവരുടെ സംശയം ബലപ്പെടുത്തുകയാണ്. പൊലിസ് മനഃപൂർവമല്ലാതെ വൈകിപ്പിക്കുന്നതാണെന്ന് നിലവിലെ സാഹചര്യത്തിൽ കരുതാനാവില്ലെന്നും കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ പരിശോധിച്ചാൽ ബോധ്യപ്പെടുമെന്നും ഇവർ പറയുന്നു.

ഗുരുതരമായ വീഴ്ചയാണ് ഹാർഡ് ഡിസ്‌ക് ഹാജരാക്കുന്ന കാര്യത്തിൽ മെഡിക്കൽ കോളജ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മെഡിക്കൽകോളജിലെ ഉന്നത നേതൃത്വവും പൊലിസിന്റെ ഉയർന്ന ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ തുടരുന്നത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും ഇവരിൽ ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 31ന് ആയിരുന്നു ആശുപത്രിക്കകത്തേക്കു പ്രവേശനം നിഷേധിച്ചെന്ന കാരണം പറഞ്ഞ് സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ നേതാവ് അനൂപിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സുരക്ഷാ ജീവനക്കാരെ ഏകപക്ഷീയമായി് മർദിച്ചത്. മൂന്നു സുരക്ഷാ ജീവനക്കാർക്കും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഗുരുതരമായ പരുക്കേറ്റ സുരക്ഷാ ജീവനക്കാരനായ ദിനേശൻ ഇപ്പോഴും കിടപ്പിലാണ്.

സുരക്ഷാ ജീവനക്കാരൻ സ്ത്രീയെ കയറിപ്പിടിച്ചതിന് തെളിവില്ല

മെഡിക്കൽകോളജിൽ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ സുരക്ഷാ ജീവനക്കാരെ മർദിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരനായ ദിനേശൻ മർദനത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതിയായ അനൂപിന്റെ ഭാര്യയുടെ കൈയിൽ കയറിപ്പിടിച്ചെന്ന പ്രതിഭാഗം നൽകിയ കൗണ്ടർ കേസിന് യാതൊരുവിധ തെളിവിന്റെയും പിൻബലമില്ലെന്നും മെഡിക്കൽകോളജിലെ സി സി ടി വി ദൃശ്യങ്ങളിലൊന്നും അത്തരം ഒരു രംഗമില്ലെന്നും അഡ്വ. ബബിത ഉമർഖാൻ പറഞ്ഞു. ഒരു കേസ് കോടതി മുൻപാകെ വരുമ്പോൾ രണ്ട് വിധത്തിലാണ് കോടതി അതിനെ നോക്കി കാണുക. ഒന്ന് അതിന് എന്തെങ്കിലും ക്രിമിനൽ സ്വഭാവമുണ്ടോ, അല്ലെങ്കിൽ കേസിനെ സാധൂകരിക്കുന്ന രീതിയിൽ തെളിവുണ്ടോ. ഇതുരണ്ടും ഈ കേസിൽ ഇല്ലെന്നതാണ് വസ്തുത. വളരെ നിസാരമായ കെട്ടിച്ചമച്ച കേസായി പ്രതിഭാഗത്തിന്റെ കൗണ്ടർ കേസ് മാറുമെന്നും ബബില വ്യക്തമാക്കി.