കൊല്ലം: വാഹനത്തിന്റെ ആദ്യ ഉടമ ചെയ്ത കുറ്റത്തിന് നിലവിലെ ഉടമയുടെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പും പൊലീസും കുറ്റക്കാരനാണെന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി പരാതി. കൊട്ടാരക്കര പൂത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുടുംബമാണ് നിയമപാലകരുടെ തെറ്റിദ്ധാരണക്കിരയായി നാണക്കേട് നേരിടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊട്ടാരക്കര ആർടിഓ ഉദ്യോഗസ്ഥരും പുത്തൂർ പൊലീസും ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിന്റെ ഭാഗമായി തമിഴ്‌നാട് സ്വദേശികളുടെ വീട്ടിലെത്തിയത്. ഇവരുടെ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മകന്റെ പേരിലുള്ള ബൈക്കുപയോഗിച്ച് അഭ്യാസ പ്രകടനം നടത്തി എന്ന കുറ്റം കണ്ടെത്തിയാണ് ഉദ്യോഗസ്ഥർ എത്തിയത്. ആർ വൺ ഫൈവ് ബൈക്കിൽ മകൻ അഭ്യാസം നടത്തിയെന്നും ഇത് വീഡിയോയിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നുമായിരുന്നു ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ മാതാവിനോട് പറഞ്ഞത്.

ഉദ്യോഗസ്ഥർ കാണിച്ച വീഡിയോയിൽ ഉള്ളത് തന്റെ മകനല്ലെന്ന് അവർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇത് ചെവിക്കൊണ്ടില്ല. തന്റെ മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്നും വാടക വീട്ടിൽ കഴിയുന്ന പാവങ്ങളാണ് എന്നും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അവരെ കളിയാക്കുന്ന രീതിയിലാണ് സാസംസാരിച്ചതെന്ന് പറയുന്നു. വാടക വീട്ടിൽ കഴിയുന്നവർ എന്തിനാണ് ഇത്രയും വിലയുള്ള ബൈക്ക് വാങ്ങി കൊടുക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിഹാസം. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തുകൊണ്ടു പോകുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ ആൾ പകർത്തുകയും പ്രദേശത്തെ ഒരു പ്രാദേശിക യൂട്യൂബ് ചാനൽ വഴി പുറത്ത് വിടുകയും ചെയ്തു.

പഠിക്കാൻ പോയ മകൻ തിരികെ എത്തിയപ്പോൾ ഉണ്ടായ വിവരങ്ങളെല്ലാം മാതാവ് അറിയിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്ക് തെറ്റു പറ്റിയതാണെന്ന് മനസ്സിലായത്. വിദ്യാർത്ഥി ഉപയോഗിക്കുന്ന ടൂ വീലർ മുൻപ് ഉപയോഗിച്ചിരുന്നത് മയ്യനാട് സ്വദേശിയായ ഇസ്യിൽ എന്നയാളാണ്. ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ കണ്ടു എന്ന് പറയുന്ന അഭ്യാസ പ്രകടനത്തിന്റെ വീഡിയോ 2022 ഡിസംബറിൽ പോസ്റ്റ് ചെയ്തിരിക്കുന്നതാണ്. വിദ്യാർത്ഥി വാഹനം വാങ്ങുന്നത് 2023 ഏപ്രിൽ മാസത്തിലാണ്. നെല്ലിപ്പള്ളിയിലുള്ള പെർഫെക്ട് ബൈക്ക്സ് എന്ന സെക്കന്റ് ഹാൻഡ് വിൽപ്പന കേന്ദ്രത്തിൽ നിന്നുമാണ് വാങ്ങിയത്. മുൻപ് വാഹനത്തിന്റെ ഉടമ ചെയ്ത കുറ്റകൃത്യത്തിനാണ് ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

എല്ലാ തെളിവുകളുമായി വിദ്യാർത്ഥി പുത്തൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് തെറ്റ് പറ്റിയതാണെന്ന് മനസ്സിലായത്. തുടർന്ന് കേസിൽ നിന്നും ഒഴിവാക്കുകയും വാഹനം വിട്ടു നൽകുകയുമായിരുന്നു. എന്നാൽ ഈ സമയം കൊണ്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തി നിയമ നടപടി സ്വീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്ത് വിട്ടു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പൊലീസ് നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടും വീഡിയോ ഡിലീറ്റ് ചെയ്യാൻ പ്രാദേശിക ചാനൽ തയ്യാറായില്ല. കൂടാതെ ഇത് മറ്റ് സോഷ്യൽ മീഡിയാ ഫാളാറ്റ് ഫോമുകളിലും പ്രചരിച്ചു. ഇതോടെ നാണക്കേട് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

തമിഴ്‌നാട് കമ്പം മേട് സ്വദേശികളായ കുടുംബം 25 വർഷം മുൻപാണ് പുത്തൂരിലെത്തിയത്. ചെറുകടികൾ വിറ്റാണ് ഇവർ ജീവിക്കുന്നത്. ഓസ്ട്രേലിയയിൽ ഉള്ള മൂത്ത സഹോദരനാണ് വാഹനം എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് വാങ്ങി നൽകിയത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച മൂലം ഇപ്പോൾ കുടുംബം ഒന്നാകെ മാനസിക സമ്മർദ്ദത്തിലാണ്. അതേ സമയം ആർസി ഓണറുടെ വിവരങ്ങൾ അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും നിരപരാധിയാമെന്ന് കണ്ടെത്തിയതോടെ വെറുതെ വിട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഉദ്യോഗസ്ഥർ പ്രതകരിച്ചു.