കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക കൊച്ചിക്കാരെ ഗുരുതര രോഗങ്ങളിലേക്ക് തള്ളിവിടുമോ? ആ വിധത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. പുക പടർന്നതോടെ എറണാകുളം ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചു. അതേസമയം സർക്കാർ കെടുകാര്യസ്ഥത ചർച്ചയാകുമെന്ന ഭയത്തിൽ കണക്കു നൽകാൻ ആരോഗ്യ വകുപ്പിനും മടിയാണ്.

നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ൽ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറൽ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതൽ പേർ ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിലെ കണക്കുകൾ ജില്ലാ ആരോഗ്യ വകുപ്പിനു നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല.

ബ്രഹ്മപുരം സബ് സെന്റർ 34, വടവുകോട് ആശുപത്രി 10, തൃപ്പൂണിത്തുറ ഗവ. ആശുപത്രി 20, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേർ ചികിത്സ തേടി. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഇരുനൂറിലധികം പേർ ചികിത്സ തേടിയതായാണ് കണക്ക്. ആസ്ത്മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരിൽ കൂടുതൽ. മറ്റ് ജില്ലകളിൽനിന്നെത്തി നഗരത്തിലും പരിസരത്തും മക്കൾക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.

കുന്നത്തുനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പിണർമുണ്ടയിൽ ഇർഷാദ് ലിബാദ് മദ്രസ ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ബ്രഹ്മപുരത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നുമായി 140-ലധികം പേർ പങ്കെടുത്തു. വിഷപ്പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾക്കാണ് ഇവർ ചികിത്സ തേടിയത്. ശ്വാസ തടസ്സം, ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം തലവേദന, തൊണ്ടവേദന, ചൊറിച്ചിൽ, ദേഹാസ്വാസ്ഥ്യം തുടങ്ങിയ രോഗ ലക്ഷണങ്ങളുമായാണ് കൂടുതൽ പേരും ചികിത്സ തേടിയെത്തുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിടും.

അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കലക്ടർ എൻ.എസ്.കെ.ഉമേഷ് വ്യക്തമാക്കി. 30 ശതമാനം പ്രദേശത്തെ പുക ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്. ഒരു മിനിറ്റിൽ 40,000 ലീറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്ന് കലക്ടർ ഫേസ്‌ബുക്കിൽ അറിയിച്ചു. പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും ഉള്ളത് തടസ്സമാണെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.

ഫേസ്‌ബുക് കുറിപ്പിന്റെ പൂർണരൂപം:

അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു.

110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്. പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലീറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽനിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്‌കവേറ്റർ ഉപയോഗിച്ച് നാലടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്കു വെള്ളം പമ്പ് ചെയ്താണ് പുക പൂർണമായും അണയ്ക്കുന്നത്.

കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ 5,000 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്‌കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയനൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.