പത്തനംതിട്ട: ശബരിമല തീർത്ഥാടനം പ്രമാണിച്ച് മൂന്നു ജില്ലകളിൽ ഗതാഗതവകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതിയുള്ളത്. ശബരിമല റൂട്ടും അനുബന്ധ പാതകളുമാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. ഇവിടെ അപകടം ഉണ്ടാകുന്നത് ഒഴിവാക്കുക, വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയവയാണ് പത്തനംതിട്ട ആർടിഓയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ചുമതല.

സേഫ് സോൺ പരിധിയിൽ വരുന്ന വടശേരിക്കര-ചിറ്റാർ റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൽ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടു. ചിറ്റാറിന് സമീപം 86 ൽ വച്ച് റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മൂക്കുകുത്തുകയായിരുന്നു.

നേരെ ഓടി വന്ന ബസ് കനത്ത മഴയിൽ തെന്നി വലതു വശത്തെ തിട്ടയിലിടിച്ച് വട്ടം കറങ്ങി ഇടതു വശത്തെ കൂഴിയിലേക്ക് മൂക്കു കുത്തുകയായിരുന്നു. കനത്ത മഴയിൽ ഉണ്ടായ അപകടം എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, യഥാർഥ കാരണം മറ്റൊന്നാണ്. ബസിന്റെ പിന്നിലെ നാലു ടയറുകളിൽ മൂന്നും തേഞ്ഞു തീർന്നതാണ്. ശേഷിച്ച ഒന്നും തേഞ്ഞു തുടങ്ങിയിരിക്കുന്നു.

ചുമ്മാതെ ഓടിയാൽപ്പോലും അപകടം ക്ഷണിച്ചു വരുത്തുന്ന ടയറുകൾ. ഇതും ഉപയോഗിച്ചാണ് ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ആയി ഈ ബസ് സർവീസ് നടത്തുന്നത്. മഴയിൽ ബസ് തെന്നി മറിയാനുണ്ടായ കാരണവും ഇതു തന്നെയാണ്. ഇന്നലെ വൈകീട്ട് നാലരയോടെ വടശേരിക്കര-ആങ്ങമൂഴി റോഡിൽ ചിറ്റാർ 86 ന് സമീപമായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് കൂപ്പു കുത്തി. ആങ്ങമൂഴിയിൽ നിന്നും പത്തനംതിട്ട വഴി പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണിത്.

സ്‌കൂളുകളിൽ ഇന്നലെ ക്ലാസുകളില്ലാതിരുന്നതിനാൽ ബസിനുള്ളിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. അപകട സമയത്തു ബസ് ജീവനക്കാർ ഉൾപ്പെടെ ഒൻപതുപേർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.പരുക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്്നിശമന സേനാംഗങ്ങളും ചേർന്ന് പുറത്തെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകളടക്കം നാലോളം പേർ്ക്കാണ് സാരമായി പരുക്കേറ്റത്.