കോഴിക്കോട്: ഇസ്ലാം മതം വിട്ട് സ്വതന്ത്രചിന്തയിലേക്ക് വന്ന ജാമിദ ടീച്ചര്‍ക്കെതിരെ വീണ്ടും കേസ്. തന്നെയും ഭാര്യയെയും സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ചുവെന്ന് പറഞ്ഞ്, പൊതുമരാമത്ത് മന്ത്രിയും, മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലാണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലഹള ഉണ്ടാക്കണമെന്നും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടിയും, മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ഭാര്യയെയും പറ്റിയും ജാമിദ ടീച്ചര്‍ ഫേസ്ബുക്കിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. എസ്.പിക്ക് നേരിട്ടാണ് മന്ത്രി പരാതി നല്കിയത്

എന്നാല്‍ ഇത് കള്ളക്കേസ് ആണെന്നും, മുമ്പ് ക്രൈം നന്ദകുമാറും, മറിയക്കുട്ടിയും തമ്മില്‍ നടന്ന ഒരു അഭിമുഖത്തില്‍ വീഡിയോ റിവ്യൂ ചെയ്ത് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിക്കയാണെന്നുമാണ് ജാമിദ ടീച്ചര്‍ പ്രതികരിക്കുന്നത്. 'ആറുമാസം മുന്‍പ് മറിയക്കുട്ടി നടത്തിയ പരാമര്‍ശങ്ങളില്‍ ഒരു റിവ്യൂ പോലെ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പരാതിക്ക് ആധാരം. മറിയക്കുട്ടിച്ചേട്ടത്തി ചെയ്ത വീഡിയോയിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു,- 'പിണറായി വിജയന്‍ അല്ല മറ്റൊരു മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ വീണയെ ഒഴിവാക്കി ഇനി വരുന്ന മുഖ്യമന്ത്രിക്ക് ഒരു മകളുണ്ടെങ്കില്‍ അതിന്റെ പിന്നാലേയും റിയാസ് പോകും'. ഇത്തരത്തിലൊരു പരമാര്‍ശത്തില്‍ റിവ്യൂ നടത്തിയ തനിക്കെതിരെ കേസ് എടുത്തിരിക്കയാണ്. എന്നാല്‍ മറിയക്കുട്ടിക്ക് നേരെ കേസില്ല.

റിയാസ് മുസ്ലീമാണ്. ശരിയത്ത് നിയമപ്രകാരം അവര്‍ക്ക് നാല് കെട്ടാം, ഇവര്‍ക്ക് അധികാരവും പണവും ഉണ്ട്. ഇത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ഇത് മതസ്പര്‍ദ്ധ അല്ല, എന്റെ മതത്തെക്കുറിച്ച് ഞാന്‍ പറയുന്നത് എങ്ങനെ കലാപമാകും. അവര്‍ കുടുക്കാന്‍ ശ്രമിച്ച കേസുകളിലെല്ലാം ഞാന്‍ രക്ഷപെട്ടു, ഇസ്ലാമിസ്റ്റുകള്‍ നല്‍കുന്ന കേസുകളെല്ലാം പൊളിഞ്ഞുപോയി അതൊന്നും അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് മന്ത്രിയെ കൊണ്ട് വരെ കേസ് കൊടുപ്പിക്കുന്നത്"- ജാമിദ ടീച്ചര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ഇസ്ലാമിനെ വിമര്‍ശിക്കുന്നതുകൊണ്ട് കഴിഞ്ഞ കുറച്ചകാലമായി തനിക്കുനേരെ കള്ളക്കേസുകള്‍ എടുക്കുകയാണെന്നും, ജാമിദ ടീച്ചര്‍ ആരോപിക്കുന്നു-'ഒരു ഇസ്ലാംമത പ്രചാരകയായാണ് എന്റെ ജീവിതം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഹദീസുകള്‍ തെറ്റാണെന്നും ഖുര്‍ആന്‍ മാതമാണ് ശരിയെന്നും വിശ്വസിക്കുന്ന രീതിയില്‍, ഞാന്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയിലേക്ക് മാറി. പക്ഷേ പിന്നീട് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇസ്ലാമിലെ സ്ത്രീവിരുദ്ധതയും, മനുഷ്യത്യവിരുദ്ധതയും, മതേതര വിരുദ്ധതയും ബോധ്യപ്പെടുന്നത്. അതോടെ 8 വര്‍ഷം മുമ്പ് ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രയായി.

അതിനുശേഷം ഞാന്‍ ചില്ലറ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്താനാണ് നോക്കിയത്. പക്ഷേ എവിടെ പോയാലും ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടും. എന്ത് ബിസിനസ് ചെയ്താലും അതില്‍ പ്രശ്നങ്ങളുണ്ടാക്കി പൂട്ടിക്കും. അങ്ങനെ ഗത്യന്തരമില്ലാതെയാണ് ഞാന്‍ മതവിമര്‍ശനത്തിലേക്ക്് കടന്നത്. അതിന്റെ പേരില്‍ കുരുപൊട്ടിയാണ്, നിരന്തരമായി കേസുകള്‍ വരുന്നത്"- ജാമിദ ടീച്ചര്‍ പറഞ്ഞു.

നേരത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹം പച്ച വ്യഭിചാരമാണെന്ന് ഒരു മുസ്ലീം ലീഗ് നേതാവ് പറഞ്ഞിരുന്നു. അയാള്‍ക്കെതിരെ റിയാസ് കേസിനുപോയിരുന്നോ എന്നും ജാമിദ ടീച്ചര്‍ ചോദിക്കുന്നു. 'ഈ പോരാട്ടം എനിക്കുവേണ്ടിയല്ല. വരുന്ന തലമുറക്ക് ഇവിടെ സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാന്‍ കഴിയണം. ഇസ്ലാമിലെ മനുഷ്യത്വവിരുദ്ധതകള്‍ എന്റെ മരണം വരെ പറയും. ഒരു മന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. കോടതിയില്‍ പോയാല്‍ ചീട്ടുകൊട്ടാരം പോലെ തകരും.

മന്ത്രി നേരിട്ട് എസ്പിക്ക് പരാതി നല്‍കിയിരിക്കയാണ്. എന്നെ പിടിച്ച് അകത്തിടാന്‍. ഇത് എന്താണ് വെള്ളരിക്കാപ്പട്ടമാണോ?. ഇത് മക്കത്തായമോ, മരുമക്കത്തായമോ, അതുപോലെ കുടുംബവാഴ്ചയോ അല്ല. ജനാധിപത്യമാണ്. മന്ത്രിക്കും എനിക്കും ഒരേ നിയമമാണ്. എന്നെ ഈ കേസിലേക്ക് വലിച്ച് ഇഴച്ചതിന്റെ പേരില്‍ മന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ എനിക്കും റൈറ്റ് ഉണ്ട്. അതൊക്കെ ബന്ധപ്പെട്ട ആളുകളോട് ചോദിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇത് പാക്കിസ്ഥാനല്ല, ഇവിടെ ആറാം നൂറ്റാണ്ടിന്റെ ഗോത്ര നിയമമല്ല. മന്ത്രിക്ക് വെറെ ഒരു നിയമം, സാധാരണക്കാരന് വേറെ ഒരു നിയമം, എന്നൊന്നില്ല. കള്ളക്കേസിനെ നിയമപരമായി നേരിടും. - ജാമിദ ടീച്ചര്‍ വ്യക്തമാക്കി.