പത്തനംതിട്ട: സിപിഎമ്മിന പി എസ് സി നിയമന കോഴയാണ് വിനയാകുന്നത്. പ്രമോദ് കോട്ടൂളിയെന്ന ആരോപണ വിധേയന്‍ തന്നെ അന്വേഷണം ആവശ്യപ്പെടുന്നു. അതിനിടെ ഇടതു മുന്നണിയിലെ രണ്ടാമത്ത കക്ഷിയായ സിപിഐയെ വെട്ടിലാക്കി സിവില്‍ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിനു സിപിഐ നേതാവ് പണം വാങ്ങിയെന്ന് ആരോപണം എത്തുകയാണ്.

ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു കോന്നിയിലെ സിപിഐ പ്രാദേശിക നേതാവ് കത്തയച്ചു. വൈറലായ ശബ്ദരേഖയാണ് വിവാദത്തിന് ആധാരം. ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ കോന്നിയിലേക്കു സ്ഥലംമാറ്റത്തിനു ശ്രമിച്ചെന്നും ഇതിനായി സിപിഐയിലെ ഒരു സംസ്ഥാന നേതാവ് പണം ആവശ്യപ്പെട്ടെന്നുമുള്ള ശബ്ദരേഖ പ്രചരിച്ചിരുന്നു.

ഈ ശബ്ദരേഖയില്‍ സിപിഐ കോന്നി ലോക്കല്‍ സെക്രട്ടറിയാണു സംസ്ഥാന സെക്രട്ടറിക്കു പരാതി അയച്ചത്. ശബ്ദരേഖയിലെ വിവരങ്ങള്‍ കൂടാതെ സപ്ലൈകോയില്‍ ഉള്‍പ്പെടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ് പണം വാങ്ങുന്നെന്ന് ആരോപണമുയര്‍ന്ന കാര്യം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സിപിഐ സംസ്ഥാന നേതൃത്വം പരാതി സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പത്തനംതിട്ടയിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സിപിഐ മണ്ഡലം സെക്രട്ടറിമാര്‍ക്കെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പണം നല്‍കാന്‍ കൂട്ടാക്കാത്ത ഉദ്യോഗസ്ഥനെ കോന്നിയില്‍ നിന്ന് ഹോസ്ദുര്‍ഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉണ്ട്. ജോയിന്റ് കൗണ്‍സില്‍ നേതാവിനെയാണ് പണം നല്‍കാന്‍ വിസമ്മതിച്ചതിന് സ്ഥലം മാറ്റിയത്. പത്തനംതിട്ടയ്ക്ക് പുറമേ എറണാകുളത്തു നിന്നും പരാതിയുണ്ട്.

പത്തനംതിട്ടയില്‍ നിന്നുള്ള ലോക്കല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങളാണ് കത്തയച്ചിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാമെന്നും കത്തില്‍ പറയുന്നു.