തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിൽ കയറിക്കൂടിയ അണലിയെ പരിഭ്രാന്തി പടർത്തി. അണലിയെ പിടികൂടിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ഗുരുവായൂർ ക്ഷേത്രനടയിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്. അതിനിടെ സ്‌കൂട്ടറിൽ ഒളിച്ചിരുന്ന പാമ്പിനെ പുറത്ത് എത്തിക്കാൻ വെളുത്തുള്ളി, മണ്ണെണ്ണ പ്രയോഗങ്ങളും നടത്തി.

ചേലക്കര സ്വദേശി വില്ലേടത്തു പറമ്പിൽ ശരത്തിന്റെ സ്‌കൂട്ടറിൽ കയറിക്കൂടിയ അണലിയെയാണ് ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. തിമില കലാകാരനായ ശരത് രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരിൽ എത്തിയത്. പടിഞ്ഞാറേ നടയിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിർമ്മാല്യം തൊഴുത് പുലർച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികിൽ എത്തി. ഈറൻ മാറാൻ സീറ്റ് തുറന്നു വസ്ത്രങ്ങൾ എടുക്കുമ്പോഴാണ് സീറ്റിനു മുകളിൽ പാമ്പിനെ കണ്ടത്.

സീറ്റ് തുറന്നത് അടിവശത്ത് പിടിച്ചായതു കൊണ്ട് കടി കിട്ടിയില്ല. സമീപത്തുള്ളവരും എത്തി. എല്ലാവരും ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശരത് തൊട്ടടുത്തുള്ള ഫയർഫോഴ്‌സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉടനെ സിവിൽ ഡിഫൻസ് അംഗവും സ്‌നേക്ക് റെസ്‌ക്യൂ വാളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി. മണിക്കൂറുകൾ തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മെക്കാനിക്കിനെ കൊണ്ടുവന്നു സ്‌കൂട്ടർ മുഴുവൻ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല.

ഇതോടെ പാമ്പ് രക്ഷപ്പെട്ടുവെന്ന് എല്ലാവരും കരുതി. അപ്പോഴും സംശയം തുടർന്നു. ചിലർ വെളുത്തുള്ളി ചതച്ചു കലക്കി സ്‌കൂട്ടറിനുള്ളിൽ തളിച്ചു. എന്നിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല. മണ്ണെണ്ണയും തളിച്ചു. വാട്ടർ സർവ്വീസ് നടത്താനും ആലോചിച്ചു. ഇതിനിടെ ശരത് സ്‌കൂട്ടറിൽ കുറച്ചു ദൂരം യാത്ര ചെയ്തു. തിരിച്ചു വന്ന ശേഷം വീണ്ടും പരിശോധന നടത്തി. ഈ സമയം സീറ്റ് തുറന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടു.

സീറ്റ് ലോക്കിന് അടിയിൽ പാമ്പിന്റെ തല്. അങ്ങനെ മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ പത്തരയോടെ പാമ്പിനെ പിടികൂടി. രണ്ടര അടി നീളമുള്ള അണലിയാണ് വലയിലായത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതെന്നും ശരത് പറഞ്ഞു. ഒരു ഘട്ടത്തിൽ പാമ്പ് പോയി കാണും എന്ന് വരെ കരുതി. എന്നാൽ സ്‌കൂട്ടർ ഉടമ ശരത് വണ്ടിയിൽ പാമ്പ് ഉണ്ട് എന്ന വിശ്വാസത്തിൽ ഉറച്ചുനിന്നു. ഇതാണ് പാമ്പിനെ പിടികൂടുന്നതിൽ നിർണ്ണായകമായത്. ആറരമണിക്കൂർ നീണ്ട ആശങ്കയാണ് ഇതോടെ ഒഴിഞ്ഞത്.

വെറുതെ ഒരു മനസമാധാനത്തിന് ഒരിക്കൽക്കൂടി സീറ്റ് തുറന്നു നോക്കിയപ്പോഴുണ്ട് സീറ്റ് ലോക്കിന് അടിയിൽ പാമ്പിന്റെ തല. ആറരമണിക്കൂർ നീണ്ട ആശങ്കക്കൊടുവിൽ പത്തരയോടെ പാമ്പിനെ പിടികൂടി. രണ്ടര അടി നീളമുള്ള പാമ്പ് വലയിലായതോടെ ആശ്വാസമായെന്ന് ശരത് പറഞ്ഞു. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതെന്നും ശരത് കൂട്ടിച്ചേർത്തു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

മുമ്പും ഗുരുവായൂരിൽ അണലി പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഹെൽമറ്റിനുള്ളിൽ അണലിയുമായി യുവാവ് കുറേ നേരം യാത്ര ചെയ്തത് കഴിഞ്ഞ വർഷമാണ്. അന്നും ആ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.