ബീജിങ്: ചൈനയിൽ ചൈന ടെലികോമിന്റെ ബഹുനില കെട്ടിടം 20 മിനിറ്റിൽ കത്തി നശിച്ചു. ദക്ഷിണ പ്രവിശ്യയായ ഹുനാന്റെ തലസ്ഥാനമായ ചാങ്ഷയിലാണ് അംബര ചുംബിയായ ഓഫീസ് കെട്ടിടം കത്തിയമർന്നത്.

200 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിന് തീപിടിച്ചതിന്റെ വീഡിയോയും പുറത്തുവന്നു. 42 നിലകളുള്ള കെട്ടിടത്തിന്റെ നിരവധി നിലകൾക്ക് തീപിടിച്ചു. കട്ടിയുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്ന് നഗരമാകെ മൂടി. തീ അണച്ചുവെന്നും ആർക്കും അപകടമില്ലെന്നും അഗ്നിശമന വിഭാഗം അറിയിച്ചു. 36 ഓളം ഫയർ ട്രക്കുകൾ സ്ഥലത്ത് നിയോഗിക്കുകയും, 280 ഓളം അഗ്നിശമനസേനാംഗങ്ങൾ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമായാണ് തീയണയ്ക്കാൻ കഴിഞ്ഞത്.

കെട്ടിടത്തിൽ 35 ടണ്ണോളം ഇന്ധനം സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ വിനിമയ സ്ഥാപനമാണ് ചൈന ടെലികോം. ചൈനയിലെ ഏറ്റവും വലിയ ടെലിഫോൺ ഓപ്പറേറ്ററും, മൂന്നാമത്തെ മൊബൈൽ ഓപ്പറേറ്ററുമാണ് ചൈന ടെലികോം. 2019 ൽ ഫോബ്‌സിന്റെ ആഗോള 2000 പട്ടികയിൽ ചൈന ടെലികോം 168 ാം സ്ഥാനത്ത് എത്തിയിരുന്നു.

തീപിടുത്തത്തെ തുടർന്ന്, സെൽഫോൺ സേവനത്തിൽ തടസ്സമുണ്ടായില്ലെന്ന് ചൈന ടെലികോം അവകാശപ്പെട്ടു. എന്നാൽ, ഫോണുകളുടെ പ്രവർത്തനം തടസ്സപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പറഞ്ഞു. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.