തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോമിന് മുൻ കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐഎഎസാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ശമ്പള കുടിശ്ശിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള വർധനവായതിനാൽ ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ലഭിക്കും.

6.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അക്കാലയളവിൽ 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17 ഃ 50,000) ചിന്തക്ക് ലഭിക്കും. 26. 5.18 മുതൽ ചിന്തയുടെ ശമ്പളം 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു.

ചെയർ പേഴ്‌സണായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈ പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ് എന്നും ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20.8.22 ൽ ചിന്ത ജെറോം കത്ത് മുഖേന സർക്കാരിനോടാവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. ചിന്ത പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുക്കുന്നതാണ് ഇന്നലെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. ചിന്ത ആവശ്യപ്പെട്ടു, സർക്കാർ അനുവദിച്ചു എന്നു കൃത്യായി തന്നെ ഉത്തവരിലുണ്ട്. കത്ത് എഴുതി കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ടിട്ടും അങ്ങനൊരു കത്ത് എഴുതിയില്ലെന്ന് ചിന്ത എന്തിനാണ് നുണ പറഞ്ഞത് എന്ന നിരവധി ചോദ്യങ്ങളാണ് പൊതു സമൂഹത്തിൽ ഉയരുന്നത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നൊക്കെയായിരുന്നു ചിന്തയുടെ തട്ടി വിടൽ.

ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുൻകാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 26 ന് 4.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാൻസ് ആയി നൽകിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമീകരിച്ചു കൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ധനമന്ത്രി ബാലഗോപാൽ മുൻ കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ ശമ്പളം നൽകാൻ തീരുമാനിച്ചു.

26.5.18 ലാണ് യുവജനകമ്മീഷന് സ്‌പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്. ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്‌പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം 1 ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവർ തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ പെട്ട് പോകും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.

അഞ്ച് മാസമായി കെട്ടിട നിർമ്മാണ തൊഴിലാളികൾ പെൻഷൻ പോലും ഇല്ല. ആശ്വാസ കിരണം പെൻഷൻ മുടങ്ങിയിട്ട് 1 വർഷമായി. സർക്കാർ ജീവനക്കാർക്ക് 4 ഗഡു ഡി എ കുടിശികയാണ് . പെൻഷൻകാർക്കും 4 ഗഡുക്കൾ കുടിശികയാണ്. പെൻഷൻ പരിഷ്‌കരണ കുടിശിക 2 ഗഡുക്കൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. 12000 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. ഇങ്ങനെ നിരവധി സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് ശമ്പള കുടിശ്ശിക ചിന്തയ്ക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കുമെന്നാണ് ചിന്ത നേരത്തെ വ്യക്തമാക്കിയത്. ഇനി അവർ വാക്കുപാലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.