തിരുവനന്തപുരം: നവകേരള സദസ്സ് സമാപനത്തോട് അടുക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന യാത്ര തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങൾ പിന്നാലെയുണ്ട്. യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി രംഗത്തുവന്നപ്പോൾ അതിനെ മർദ്ദിച്ച് ഒതുക്കുകയായിരുന്നു പൊലീസും ഡിവൈഎഫ്‌ഐക്കാരും ചെയ്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചതോടെ രംഗം കൂടുതൽ വഷളായി.

ഇപ്പോഴത്തെ നിലയിൽ നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചൊതുക്കുന്നതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസിന്റെ സാന്നിധ്യത്തിൽ ഡിെൈവഫ്‌ഐക്കാർ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ അടിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

നവകേരള സദസ്സിന്റെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും.കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ മാർച്ച് നയിക്കും.എംഎൽഎ മാരും എംപി മാരും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള മർദ്ദനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി രംഗത്ത് വന്നിരുന്നു. പ്രസ്താവനയുടെ മൂർച്ച ആക്ഷനിൽ ഇല്ല.രാഷ്ട്രീയ കാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും . ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണം.ഇതിന് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് ഉടനടി സസ്‌പെൻഷൻ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം രാഷ്ട്രീയമായി തന്നെ മുഖ്യമന്ത്രി അനിൽകുമാറിനെ പിന്തുണയ്ക്കാൻ രംഗത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം മിണ്ടാട്ടം മുട്ടി. തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നതു താൻ കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. ഇതോടെ , നടപടിയെടുക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണു റോഡിൽ ചാടിയിറങ്ങി ദണ്ഡുകൊണ്ട് അനിൽ കുമാർ ക്രൂരമായി മർദിച്ചത്. ഇതു താൻ കണ്ടില്ലെന്ന് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോൾ അടുത്ത ദിവസം ആ ചിത്രവും വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രിക്കു കാണാനായി മാധ്യമങ്ങൾ വീണ്ടും നൽകി. എന്നിട്ടും അതു കണ്ടില്ലെന്നു പറഞ്ഞു ഗൺമാനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ പഴ്‌സനൽ സെക്യൂരിറ്റി ഓഫിസറാണ് (പിഎസ്ഒ) അനിൽ കുമാർ. അവർക്ക് ലാത്തിയില്ല. പിസ്റ്റൾ മാത്രമാണ് കയ്യിലെ ആയുധം. എപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകണം. ക്രമസമാധാനച്ചുമതല നോക്കുന്നത് ഇവരുടെ ജോലിയല്ല. ഇവിടെ മുഖ്യമന്ത്രിയുടെ വാഹനം പോയിക്കഴിഞ്ഞാണു പിന്നിലെ വാഹനത്തിൽ ഒളിപ്പിച്ചിരുന്ന ദണ്ഡ് എടുത്ത് അനിൽ പ്രതിഷേധക്കാരെ മർദിച്ചത്; അതും യൂണിഫോം പോലുമില്ലാതെ.

മുഖ്യമന്ത്രിയുടെ സുരക്ഷ കൈവിട്ട് തെരുവിൽ ചാടിയിറങ്ങി അധികാരമില്ലാത്ത പണി ചെയ്തതിന് അനിലിനെ കയ്യോടെ സസ്‌പെൻഡ് ചെയ്യേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സംരക്ഷണവും ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തുള്ളതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചയുടെ പേരിൽ അനിലിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലായി പൊലീസ്. ഇടുക്കിയിൽ മാധ്യമ ഫൊട്ടോഗ്രഫറെ കഴുത്തിനു പിടിച്ചുതള്ളിയത് ഇതേ പിഎസ്ഒ ആയിരുന്നു.

ആലപ്പുഴയിൽ മർദനമേറ്റ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പരുക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരാണ് പരാതി നൽകിയത്.