തിരുവനന്തപുരം: കാസർകോട്ട എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് സാമൂഹ്യ പ്രവർത്തക ദയാഭായ്. സമരം അവസാനിപ്പിക്കുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കും. രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്നും ദയാഭായ് വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിരുന്നു. സമരസമിതിയുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തി. ഫലപ്രദമായ ചർച്ചയാണ് നടത്തതെന്ന് മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജും അറിയിച്ചു.

ആശുപത്രിയിൽ എത്തി ദയാബായിയെ സന്ദർശിച്ചെങ്കിലും അവർ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് മന്ത്രിമാരെ അറിയിക്കുകയായിരുന്നു. സമരസമിതി മുന്നോട്ട് വെച്ച ആശയങ്ങൾ അംഗീകരിക്കും. കാസർകോട്ടെ ആശുപത്രി വികസനം സർക്കാരിന്റെ ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാഭായ് ഉറപ്പ് നൽകിയതായും ആർ ബിന്ദു പറഞ്ഞു.'കാസർകോട് ജില്ലയ്ക്ക് വേണ്ടിയും എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടിയും സർക്കാർ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്തു. സമരത്തിൽ ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തിൽ സർക്കാർ ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോയി കഴിഞ്ഞു.

കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി സമരം നടത്തുകയാണ്. കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയിൽ ആശുപത്രി സംവിധാനങ്ങൾ പരിമിതമാണ്. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. ഡേ കെയർ സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല.

മതിയായ ചികിത്സകിട്ടാതെ ഇരുപതോളം പേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളിൽ 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാൽ ഇവർ വീടുകളിൽത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന 'സ്നേഹവീട്' മാത്രമാണിപ്പോൾ ആശ്വാസം. രോഗബാധിതരെ രാവിലെ കൊണ്ടുപോയി വൈകീട്ട് തിരികെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.

എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയർ യൂണിറ്റും സ്ഥാപിക്കണമെന്നതാണ് സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകളും 2017 മുതൽ മുടങ്ങി തുടങ്ങിയ കാര്യങ്ങൾ സമരസമിതി ചൂണ്ടിക്കാട്ടുന്നത്.