അടൂർ: സിപിഎം ലോക്കൽ സെക്രട്ടറി പിരിവു ചോദിച്ചപ്പോൾ കൊടുത്ത തുക കുറഞ്ഞു പോയതിന്റെ പേരിൽ മണ്ണെടുപ്പുകാരന്റെ മൂക്കിന്റെ പാലം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഇടിച്ചു തകർത്തുവെന്ന് പരാതി. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകിയെന്നും ആക്ഷേപം.

തുവയൂരിലുള്ള അഖിൽ ചെറിയാൻ എന്നയാൾക്ക് നേരെയാണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആദർശ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അടൂർ ടൗണിൽ ആക്രമണം നടന്നത്. സിപിഎം തുവയൂർ സൗത്ത് ലോക്കൽ സെക്രട്ടറി അനീഷ് അഖിലിനോട് വൻ തുക പിരിവായി ആവശ്യപ്പെട്ടിരുന്നു. തനിക്കിപ്പോൾ മണ്ണെടുപ്പ് ഇല്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അത്രയും പണം തരാൻ കഴിയില്ലെന്നും അഖിൽ പറഞ്ഞു. 2000 രൂപ ഗൂഗിൾപേ ചെയ്തു കൊടുക്കുകയും ചെയ്തു.

തുക കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നുവത്രേ ആക്ഷേപം. അടൂർ ടൗണിൽ വച്ച് ആദർശിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് അഖിലിനെ മർദിച്ചു. മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. മൂക്കിന്റെ പാലം തകർന്ന് പരുക്കേറ്റ അഖിൽ ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പൊലീസിന് പരാതി നൽകി. എന്നാൽ, ഇവിടെ സിപിഎം നേതാക്കൾ ഇടപെട്ടു. പ്രശ്നം പറഞ്ഞു തീർക്കാമെന്ന് ഇവർ പറഞ്ഞതിനാൽ പൊലീസ് കേസെടുക്കാൻ തയാറായില്ല.

വിവരം അറിഞ്ഞ അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജ് ഇടപെട്ട് അഖിലിന്റെ പരാതിയിൽ കേസ് എടുക്കാൻ നിർദ്ദേശം നൽകി. ലോക്കൽ സെക്രട്ടറി അനീഷ് അടക്കം കേസിൽ പ്രതിയാകുമെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സംഘമാണ് അഖിലിനെ ആക്രമിച്ചത് എന്നാണ് വിവരം.